Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഉദ്ധവ് പോയി, എന്നാല്‍ രാജ് താക്കറെ വരട്ടെ... മഹാരാഷ്ട്രയില്‍ ബിജെപി പുതിയ കൂട്ടുകെട്ടിന്

മുംബൈ: ശിവസേനയുമായി വഴിപിരിഞ്ഞതിന് പിന്നാലെ മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്)യുമായി ബിജെപി കൈകോർക്കാനൊരുങ്ങുന്നുവെന്ന് അഭ്യൂഹം. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് എം.എൻ.എസ് തലവൻ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയതാണ് മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് ഉടലെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് കാരണം. അതേസമയം ഇരുനേതാക്കളും അത്തരമൊരു കൂടിക്കാഴ്ച നടന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ചിട്ടുമുണ്ട്. പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം രാജ് താക്കറെയും ദേവന്ദ്ര ഫഡ്നവിസും മുംബൈ സെൻട്രലിലുള്ള ഇരുവരുടെയും പൊതു സുഹൃത്തിന്റെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. റിപ്പോർട്ടുകൾ ഇങ്ങനെയാണെങ്കിലും എം.എൻ.എസുമായി സഖ്യമുണ്ടാകുമോയെന്ന കാര്യം ബിജെപിയോ ഫഡ്നവിസോ വ്യക്തമാക്കിയിട്ടില്ല. രാജ് താക്കറെയും മൗനത്തിലാണ്. അതേസമയംമുംബൈയിൽ ജനുവരി 23ന് എം.എൻ.എസ് സംഘടിപ്പിക്കുന്ന കോൺക്ലേവിൽ രാജ് താക്കറെ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. സഖ്യമായി പ്രവർത്തിക്കുക അല്ലെങ്കിൽ പരസ്പര ധാരണകളോടെ സഖ്യമില്ലാതെ അടവുനയം സ്വീകരിച്ച് പ്രവർത്തിക്കുക എന്നിങ്ങനെ രണ്ട് വഴികളാണ് ഇരുപാർട്ടികൾക്കും മുന്നിലുള്ളത്. ഔദ്യോഗികമായ സഖ്യത്തിന് ബിജെപി തയ്യാറായാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കുടിയേറിയവർ എതിരാകുമോ എന്ന ആശങ്കയും പാർട്ടിക്ക് മുന്നിലുണ്ട്. പ്രത്യേകിച്ച് ബീഹാർ,ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വോട്ടുകൾനിർണായകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അടവുനയം സ്വീകരിച്ചെങ്കിലും എം.എൻ.എസുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറാകാതിരുന്നതും ഇക്കാരണം കൊണ്ടായിരുന്നു. ഇനി തിരഞ്ഞെടുപ്പുകളിൽ പരസ്പര ധാരണയോടെ പ്രവർത്തിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ പോലും സംസ്ഥാനത്ത് ഉടൻ മറ്റ് തിരഞ്ഞെടുപ്പുകൾ നടക്കാൻ പോകുന്നില്ല. അങ്ങനെയാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഇരുപാർട്ടികൾക്കും കാര്യങ്ങൾ തീരുമാനിക്കാൻ ധാരാളം സമയം ലഭിക്കും. ശിവസേനയുടെ വോട്ടുബാങ്കുകളിൽ കടന്നുകയറാനും നിലവിലെ ശിവസേന- എൻ.സി.പി- കോൺഗ്രസ് പാർട്ടികൾ ചേർന്ന മഹാവികാസ് അഖാഡി സഖ്യത്തിന്റെ മുംബൈ, പുണെ, നാസിക് നഗരങ്ങളിലെ ശക്തി ക്ഷയിപ്പിക്കുക തുടങ്ങിയവയാണ് എം.എൻ.എസുമായുള്ള കൂട്ടുകെട്ടിലൂടെ ബിജെപി ആഗ്രഹിക്കുന്നത്. ഇനി വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ സഖ്യമായി തന്നെ മത്സരിക്കാനാണ് മഹാവികാസ് അഖാഡിയുടെ തീരുമാനം. അത് സാധ്യമായാൽ ബിജെപിക്ക് വലിയ ക്ഷീണമുണ്ടാകും. ഇതിന് മറികടക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം ഒരിടത്തും നിലയുറപ്പിക്കാൻ സാധിക്കാതെ പ്രതിസന്ധി ഘട്ടത്തിലാണ് രാജ് താക്കറെയും എം.എൻ.എസും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും ഒരു സീറ്റുമാത്രമേ എം.എൻ.എസിന് നേടാൻ സാധിച്ചുള്ളു. മാത്രമല്ല മുംബൈ, പുണെ, നാസിക് തുടങ്ങിയ പ്രധാന നഗര സഭകളിൽ പാർട്ടിക്ക് നാമമാത്രമായ സാന്നിധ്യം മാത്രമേയുള്ളു. നിരവധി നേതാക്കൾ പാർട്ടിയിൽ നിന്ന് വിട്ടുപോവുകയും ചെയ്തു. പ്രതിസന്ധിയിൽ നിന്ന കരകയറാൻ എൻഎൻഎസിന് ഒരു സഹായ ഹസ്തം ലഭിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ബിജെപിയിൽ നിന്ന് സഹായം ലഭിക്കുമെന്നാണ് എംഎൻഎസ് കേന്ദ്രങ്ങൾ സ്വകാര്യമായി പറയുന്നത്. ബിജെപിയുമായി കൈകോർക്കാൻ രാജ് താക്കറെയുടെ അടുത്ത വൃത്തങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും ബിജെപിയെ അകമഴിഞ്ഞ് വിശ്വസിക്കാൻ അവർ തയ്യാറല്ല. 2014ൽ തങ്ങളെ വഞ്ചിച്ചവരാണ് ബിജെപിയെന്നാണ് എംഎൻഎസ് പറയുന്നത്. 2014ൽ മോദിയെ ഉയർത്തിക്കാട്ടി ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ മോദിയെ പിന്തുണയ്ക്കാൻ എം.എൻ.എസ് തയ്യാറായി. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി തുനിഞ്ഞത് എം.എൻ.എസിന്റെ അതൃപ്തിക്ക് കാരണമായി. ശിവസേനയെ ഒഴിവാക്കി ബിജെപി തങ്ങളെ കൂടെ കൂട്ടുമെന്നായിരുന്നു എംഎൻഎസ് കരുതിയിരുന്നത്. ബിജെപിയും ശിവസേനയും തമ്മിൽ അത്രത്തോളം വാഗ്വാദങ്ങളാണ് ആ സമയത്ത് നടന്നിരുന്നത്. എന്നാൽ എംഎൻഎസിനെ ബിജെപി അവഗണിച്ചതിന് പ്രതികാരമായി രാജ് താക്കറെ മോദിയുടെ നിശിത വിമർശകനായി മാറുകയാണ് ചെയ്തത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ കോൺഗ്രസ്- എൻസിപി സഖ്യത്തിനായി പ്രചാരണം നടത്തുകയാണ് രാജ് താക്കറെ ചെയ്തത്. എന്നാൽ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പിന്നാലെ ബിജെപിയും ശിവസേനയും വഴിപിരിയുകയും കോൺഗ്രസുമായി ചേർന്ന് സർക്കാരുണ്ടാക്കുകയും ചെയ്തു. ഇപ്പോൾ എൻആർസിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളാണ് എംഎൻഎസിന് ബിജെപിയോടുള്ള അനുഭാവം വർധിപ്പിച്ചത്. എൻ.ആർ.സി നടപ്പിലാക്കുന്നതിനോട് എംഎൻഎസ് അനുകൂലമാണ്. ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും ബദലായി എംഎൻഎസിനെ ഉയർത്തിക്കൊണ്ടുവരാൻ ബിജെപി തയ്യാറാകുമോ, രാജ് താക്കറെ കളം നിറയുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഇനി ഉയരാനിരിക്കുന്നത്. Content Highlights:BJP-MNS Alliance may happen in Maharashtra

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com