മുംബൈ: മഹാരാഷ്ട്ര സ്പീക്കർ തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപി സ്ഥാനാർഥിയെ പിൻവലിച്ചു. ഇതോടെ മഹാവികാസ് അഘാടി സഖ്യ സ്ഥാനാർഥി നാനാ പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുൻ ബി.ജെ.പി. എം.പി.യും കോൺഗ്രസ് എംഎൽഎയുമാണ് നാനാ പട്ടോളെ. കിസാൻ കാതോരെയെയായിരുന്നു ബിജെപിയുടെ സ്പീക്കർ സ്ഥാനാർഥി. ഇന്ന് പതിനൊന്ന് മണിയോടെ നിയമസഭ ചേർന്ന് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് തൊട്ടുമുമ്പായി ബിജെപി സ്ഥാനാർഥിയെ പിൻവലിക്കുകയായിരുന്നു. നടപടിക്രമങ്ങൾ അട്ടിമറിച്ചെന്നാരോപിച്ച് വിശ്വാസവോട്ടെടുപ്പിനിടെ കഴിഞ്ഞ ദിവസം ബിജെപി സഭ ബഹിഷ്കരിച്ചിരുന്നു.വിദർഭ മേഖലയിലെ സകോളി മണ്ഡലത്തിൽനിന്നാണ് നാനാ പട്ടോളെ ജയിച്ചത്. നിയമസഭയിൽ ബി.ജെ.പി.യെ വരുതിയിൽനിർത്തുക എന്ന ഉദ്ദേശ്യംകൂടിയുണ്ട് നാനാ പട്ടോളെയെ സ്പീക്കറാക്കിയതിന് പിന്നിൽ. കോൺഗ്രസ്, എൻ.സി.പി. പാർട്ടികളിലെ പ്രധാന നേതാക്കളെല്ലാം പശ്ചിമമഹാരാഷ്ട്രയിൽനിന്നോ, മറാഠ വിഭാഗത്തിൽനിന്നോ ഉള്ളവരാണ്. എന്നാൽ, നാനാ പട്ടോളെ ഒ.ബി.സി.യിൽപ്പെട്ട കുൻബി വിഭാഗത്തിലുള്ള ആളും. മാത്രമല്ല, സഖ്യത്തിന് അധികം പ്രാതിനിധ്യമില്ലാത്ത വിദർഭ മേഖലയിൽനിന്നുള്ള വ്യക്തിയും. സ്പീക്കർ സ്ഥാനാർഥിയാകാൻ നാനാ തിരഞ്ഞെടുക്കപ്പെടാൻ ഇതും കാരണമായി. കോൺഗ്രസിന്റെ കർഷകസംഘടനാ നേതാവുകൂടിയാണ് അദ്ദേഹം. നാനാ പട്ടോളെ മുമ്പ് കോൺഗ്രസുകാരനായിരുന്നു. 2009-ൽ ബി.ജെ.പി.യിലേക്ക് ചേക്കേറി. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭണ്ഡാര-ഗോണ്ഡിയ മണ്ഡലത്തിൽ എൻ.സി.പി.യുടെ ശക്തനായ മുൻകേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിനെ തോൽപ്പിച്ചാണ് എം.പി.യായത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പിണങ്ങി അദ്ദേഹം വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചുവന്നു. 2019-ൽ നാഗ്പുരിൽ നിതിൻ ഗഡ്കരിക്കെതിരേ മത്സരിച്ച് തോറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സകോളി നിയമസഭാ മണ്ഡലത്തിൽ മന്ത്രി പരിണയ് ഫുകെയെയാണ് തോൽപ്പിച്ചത്. Content Highlights:Maharashtra Assembly: Congresss Nana Patole Unopposed In Maharashtra Speaker Race As BJP Withdraws കേരള സ്കൂൾ കലോത്സവ വിശേഷങ്ങൾ കാണാം, കേൾക്കാം, വായിക്കാം SPECIAL COVERAGE