ഇപ്പോഴും ഹിന്ദുത്വ ആശയങ്ങള്ക്കൊപ്പം; അത് ഒരിക്കലും ഉപേക്ഷിക്കില്ല - ഉദ്ധവ് താക്കറെ
മുംബൈ: ഹിന്ദുത്വ ആശയങ്ങൾ ഉപേക്ഷിക്കില്ലെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിയമസഭയിൽ സംസാരിക്കവെയാണ് ഉദ്ധവ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരിക്കൽപ്പോലും ഫഡ്നവിസ് സർക്കാരിനെ വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണ്. തിരഞ്ഞെടുപ്പിൽ തന്നെ എതിർത്തവർ ഇപ്പോൾ തന്റെയൊപ്പമാണ്. ഒപ്പമുണ്ടായിരുന്നവർ പ്രതിപക്ഷത്തും. ഫഡ്നവിസുമായുള്ള സൗഹൃദത്തെപ്പറ്റി തുറന്നു പറയാൻ തനിക്ക് മടിയില്ല. ദീർഘകാലമായി അദ്ദേഹവുമായി നല്ല സൗഹൃദമാണ് തനിക്കുള്ളത്. ശിവസേന പറഞ്ഞത് കേൾക്കാൻ അദ്ദേഹം തയ്യാറായിരുന്നുവെങ്കിൽ നിയമസഭാ നടപടികൾ ടെലിവിഷനിൽ കണ്ടുകൊണ്ട് തനിക്ക് വീട്ടിൽ ഇരിക്കേണ്ടി വരുമായിരുന്നു. ഭാഗ്യംകൊണ്ടും ജനങ്ങളുടെ അനുഗ്രഹം കൊണ്ടുമാണ് ഈ സ്ഥാനത്തെത്താൻ കഴിഞ്ഞത്. ഇവിടെ എത്തുമെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നാൽ മുഖ്യമന്ത്രി പദത്തിൽ എത്താൻ കഴിഞ്ഞു. രാത്രിയുടെ മറവിൽ ഒന്നും ചെയ്യില്ലെന്ന് നിയമസഭയ്ക്കും മഹാരാഷ്ട്രയിലെ ജനങ്ങൾക്കും ഉറപ്പ് നൽകുന്നുവെന്ന് ബിജെപിയ്ക്കെതിരെ പരോക്ഷ വിമർശം ഉന്നയിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കർ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഖാഡി സഖ്യ സ്ഥാനാർഥി നാനാ പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഉദ്ധവ് നിയമസഭയെ അഭിസംബോധന ചെയ്തത്. ബിജെപി സ്ഥാനാർഥിയെ പിൻവലിച്ചതോടെയാണ് പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. Content highlights:I am still with the ideology of Hindutva and wont ever leave it - Udhav