കൊച്ചി: സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാമെന്ന് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. കോടതിയുടെ ഉത്തരവ് ഇന്നുമുതൽ നടപ്പിലാക്കിയേക്കും. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പോകാമെങ്കിലും തീർത്ഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണമെന്നും കോടതി ഉത്തരവിൽ പറയുന്നു. നിലക്കലിനും പമ്പയ്ക്കുമിടയിൽ റോഡരുകിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. ഭക്തരെ പമ്പയിൽ ഇറക്കിയതിന് ശേഷം വാഹനങ്ങൾ നിലക്കലിൽ പാർക്ക് ചെയ്യണം. ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരെ പിന്നീട് പമ്പയിലെത്തി കൊണ്ടുപോകാം. 12 സീറ്റുവരെയുള്ള വാഹനങ്ങൾക്കാണ് അനുമതി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. മാത്രമല്ല ഇരുചക്ര വാഹനങ്ങൾക്ക് കൂടി ഇളവനുവദിക്കാമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. അക്കാര്യം പിന്നീട് ഹർജിക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി നിലപാടെടുത്തിരിക്കുന്നത്. ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. പ്രസന്നകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടാനാകില്ലെന്നു പോലീസ് നിലപാടെടുത്തിരുന്നു. മുമ്പ് പാർക്കിങ് അനുവദിച്ചിരുന്ന പമ്പ, ഹിൽടോപ്പ് മേഖലകളെല്ലാം പ്രളയത്തെത്തുടർന്ന് തകർന്ന നിലയിലാണെന്നറിയിച്ച് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് കോടതിയെ അറിയിച്ചിരുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പാർക്കിങ് അനുവദിക്കാനാവില്ല. നിലയ്ക്കൽ-പമ്പ റൂട്ടിലെ വാഹനനിയന്ത്രണത്തിനുള്ള അധികാരം പോലീസിന് ആവശ്യമാണ്. പമ്പയിലേക്കു വാഹനങ്ങൾ അനുവദിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, ജില്ലാ പോലീസ് സൂപ്രണ്ട് നൽകിയ പ്രസ്താവന ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് കോടതി നിലപാടെടുത്തത്. ഇതനുസരിച്ച് ഹർജി ഇന്ന് പരിഗണിക്കവെ വാഹനങ്ങൾ കടത്തി വിടുന്നതിന് അനുകൂലമായ നിലപാടാണ്സർക്കാർ അറിയിച്ചത്. ഇതേതുടർന്നാണ് കോടതി സ്വകാര്യവാഹനങ്ങൾ കടത്തിവിടാനുള്ള അനുമതി നൽകിയിരിക്കുന്നത്. Content Highlights:private vehicles can go to Pamba; HC allowed