കിഫ്ബി സര്‍ക്കാരിന്റെ പട്ടുകോണകം; ജലീല്‍ വന്ന് മാര്‍ക്കിട്ടാലും പാസാകില്ല-വി.ഡി.സതീശന്
തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ സർക്കാരിനേയും ധനമന്ത്രി തോമസ് ഐസക്കിനേയും നിയമസഭയിൽ കടന്നാക്രമിച്ച് വി.ഡി.സതീശൻ എം.എൽ.എ. വീട്ടിലെ ദാരിദ്ര്യം പുറത്ത് അറിയിക്കാതിരിക്കാൻ പണ്ട് വീട്ടുകാരണവൻമാർ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും. അതുപോലെ ഈ സർക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. എന്ത് പറഞ്ഞാലും കിഫ്ബി എന്നാണ് ധനകാര്യമന്ത്രിയുടെ മറുപടി. നികുതി വകുപ്പിൽ അരജാകത്വമാണ് നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് സർക്കാരിന്റെ ചെലവ്.ഇനി ജലീൽ വന്ന് മാർക്കിട്ടാൽ പോലും ഈ സർക്കാർ രക്ഷപ്പെടാൻ പോകുന്നില്ലെന്നും സതീശൻ പറഞ്ഞു. ധനകാര്യ മാനേജ്മെന്റിന്റെ അഭാവം, വിഭവസമാഹരണത്തിലെ പിടിപ്പുകേട്, അനാവശ്യമായ ധൂർത്തുംചെലവും കാരണം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്. വളരെ ലാഘവത്തോട് കൂടിയാണ് ധനകാര്യമന്ത്രി ഈ സ്ഥിതിയെ കുറിച്ച് പറയുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഒരു ദു:സ്ഥിതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് കോടികളുടെ ബില്ലുകളാണ് തടഞ്ഞ് വെച്ചിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം വികസന പ്രവർത്തനങ്ങളെ ഇത് ബാധിച്ചു. കരാറുകാർ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുന്നു. എത്ര വൻകിട പദ്ധതി തുടങ്ങി എന്ന് പോലും മറുപടി പറയാൻ പറ്റാത്ത സർക്കാരാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 23000കോടിയുടെ നികുതി തുക പിരിക്കാൻ സാധിക്കാത്തത് അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്ന് ബജറ്റിൽ എഴുതിവെച്ചവർ മൂന്ന് വർഷംക്കൊണ്ട് പിരിക്കാനുള്ളത് 30000 കോടി രൂപയാണ്. അതിനേക്കാൾ വലിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇപ്പോഴെന്ന് ധനമന്ത്രി തുറന്ന് പറഞ്ഞിരിക്കുകയാണ്. 2016-ൽ മലയാളിയുടെ ആളോഹരി കടം 48078 രൂപയായിരുന്നു. മൂന്ന് വർഷംക്കൊണ്ട് 72430 രൂപയാക്കി വർധിപ്പിച്ച ധനകാര്യമന്ത്രിയാണ് തോമസ് ഐസക്കെന്നും സതീശൻ പറഞ്ഞു. Content Highlights:state ecnomic crisis-kifbi-vd satheeshan against government and thomas isaac