ന്യൂഡൽഹി: പാകിസ്താനെതിരായ ഡേവിസ് കപ്പ് ടെന്നിസ് മത്സരത്തിന് നിഷ്പക്ഷ വേദി വേണമെന്ന് ഇന്ത്യൻ ടീം ആവശ്യപ്പെട്ടു. വേദിമാറ്റത്തിന് പകരം സുരക്ഷാനടപടികൾ പുനഃപരിശോധിക്കണമെന്നു മാത്രം ഇന്റർനാഷണൽ ടെന്നിസ് ഫെഡറേഷനോട് ആവശ്യപ്പെട്ട ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ നടപടിയിൽ കളിക്കാർ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇസ്ലാമാബാദിന് പകരം ഒരു നിഷ്പക്ഷ വേദി അനുവദിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടതായി ഇന്ത്യൻ ക്യാപ്റ്റൻ മഹേഷ് ഭൂപതി പറഞ്ഞു. സെപ്റ്റംബർ 14, 15 തിയ്യതികളിലാണ് ഇന്ത്യാ-പാക് മത്സരം. മത്സരത്തിന് ആവശ്യമായ വിസ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ അറിയിച്ചു. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന 370-ാം അനുച്ഛേദം പിൻവലിച്ചശേഷം കേന്ദ്രസർക്കാർ മത്സരം സംബന്ധിച്ച തീരുമാനമൊന്നും കൈക്കൊള്ളാത്തതിൽ ടെന്നിസ് അസോസിയേഷനിലെ ഒരു വിഭാഗം നീരസം പ്രകടിപ്പിച്ചു. ഒളിംപിക്സിന്റെ അടിസ്ഥാന പ്രമാണം അനുസരിച്ച് ഇത്തരം കാര്യങ്ങളിൽ സർക്കാരുകൾക്ക് ഇടപെടാനാവില്ലെങ്കിലും ഇത് കളിക്കാരുടെ സുരക്ഷയുടെ പ്രശ്നം കൂടിയാണ്. അത് ഉറപ്പാക്കേണ്ട ചുമതല സർക്കാരിനുണ്ട്. ടെന്നിസ് കളിക്കാർ ഇന്ത്യൻ പൗരന്മാരല്ലെ? സർക്കാരിന് എങ്ങനെ അവരുടെ ജീവിതം അപകടത്തിലാക്കാനാവും-പേരു വെളിപ്പെടുത്താൻ തയ്യാറാവാത്ത ഒരു ടെന്നിസ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു. ഏഷ്യാ ഓഷ്യാനാ ഗ്രൂപ്പ് ഒന്ന് മത്സരം ഒരു ഉഭയകക്ഷി പരമ്പര അല്ലാത്തതിനാൽ ഡേവിസ് കപ്പ് മത്സരം മാറ്റിവയ്ക്കാൻ അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന് കഴിയില്ലെന്ന് കേന്ദ്ര സ്പോർട്സ് മന്ത്രി കിരൺ റിജിജു പറഞ്ഞു. 2017 മുതൽ പാകിസ്താൻ തങ്ങളുടെ അഞ്ച് ഹോം മത്സരങ്ങളിൽ നാലും ഇസ്ലാമാബാദിൽ തന്നെയാണ് കളിച്ചത്. ദക്ഷിണ കൊറിയ, തായ്ലൻഡ്, ഉസ്ബക്കിസ്താൻ, ഇറാൻ എന്നിവയാണ് കളിച്ചത്. 2017ൽ ഹോങ് കോങ് മാത്രമാണ് ഇസ്ലാമാബാദിൽ കളിക്കാൻ വിസമ്മതിച്ചത്. ഇതുവഴി പാകിസ്താന് വാക്കോവർ ലഭിക്കുകയും ചെയ്തു. 2016ലാണ് പാകിസ്താൻ അവസാനമായി ഒരു നിഷ്പക്ഷ വേദിയിൽ കളിച്ചത്. കൊളംബോയിൽ ചൈനയ്ക്കെതിരേയായിരുന്നു മത്സരം. Content Highlights:India want Davis Cup Tennis Match moved from Pakistan To A Nuetral Venue Mahesh Bhupathi