കാണാതായ 57-കാരനെ 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് തിന്നുതീര്ത്തതാണെന്ന് സ്ഥിരീകരണം
ന്യൂയോർക്ക്: മാസങ്ങൾക്ക് മുൻപ് കാണാതായ 57-കാരനെ വളർത്തുനായ്ക്കൾ തന്നെ ഭക്ഷിച്ചതാണെന്ന് പോലീസിന്റെ കണ്ടെത്തൽ. യു.എസിലെ ടെക്സാസിൽ താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളർത്തുനായ്ക്കൾ ചേർന്ന് ഭക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, നായ്ക്കൾ ഇയാളെ കൊന്നുതിന്നതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. ടെക്സാസിലെ വീനസിൽഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഫ്രെഡിയുടെ താമസം. 18 വളർത്തുനായ്ക്കളും ഫ്രെഡിയും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. രണ്ടാഴ്ചയിലൊരിക്കൽ ബന്ധുക്കളോടൊപ്പം പുറത്തുപോകുന്ന ഫ്രെഡിയെ ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാത്തതിനാലാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പലതവണ ഫ്രെഡിയുടെ വീട്ടുവളപ്പിൽ കയറി പരിശോധിക്കാൻ ശ്രമിച്ചെങ്കിലും വളർത്തുനായ്ക്കൾ സമ്മതിച്ചില്ല. ആദ്യം ബന്ധുക്കൾ വീട്ടുവളപ്പിൽ കയറാൻ ശ്രമിച്ചെങ്കിലും വളർത്തുനായ്ക്കൾ ഇവർക്കുനേരെ തിരിഞ്ഞതിനാൽ പിൻവാങ്ങി. തുടർന്നാണ് പോലീസ് സംഘം പരിശോധനയ്ക്കായുള്ള ശ്രമങ്ങൾ തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫ്രഡിയുടെ ബന്ധുക്കളെയും സമീപപ്രദേശത്ത് താമസിക്കുന്നവരെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഫ്രെഡിയുടെ വീട്ടുവളപ്പിൽനിന്ന് പോലീസ് സംഘത്തിന് മനുഷ്യന്റെ എല്ലുകളുടെ അവശിഷ്ടങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ കൂടുതൽ എല്ലിൻകഷണങ്ങൾ കണ്ടെത്തി. ഇതെല്ലാം പോലീസ് സംഘം ശേഖരിക്കുകയും ഡി.എൻ.എ. പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പോലീസിനെ ഞെട്ടിച്ച് നായ്ക്കളുടെ വിസർജ്യത്തിൽനിന്ന് മനുഷ്യന്റെ തലമുടി കണ്ടെടുത്തത്. മാത്രമല്ല, ഫ്രെഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വിസർജ്യത്തിൽനിന്ന് കണ്ടെടുത്തു. ഇതോടെ ഫ്രെഡിയെ വളർത്തുനായ്ക്കൾ ഭക്ഷിച്ചതാകുമെന്ന സംശയം ബലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിൻകഷ്ണങ്ങളുടെ ഡി.എൻ.എ. പരിശോധനഫലം പുറത്തുവന്നതോടെ ഇക്കാര്യം സ്ഥീകരികരിച്ചു. അതേസമയം, വളർത്തുനായ്ക്കൾ ഫ്രെഡിയെ കൊന്നുതിന്നതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. ഒരുപക്ഷേ, സ്വഭാവികമായി മരണപ്പെട്ട ഫ്രെഡിയുടെ മൃതദേഹം വളർത്തുനായ്ക്കൾ ഭക്ഷിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഫ്രെഡിയുടെ ആകെയുണ്ടായിരുന്ന 18 നായ്ക്കളിൽ രണ്ടെണ്ണത്തിനെ മറ്റുനായ്ക്കൾ ചേർന്ന് കൊന്നുതിന്നിരുന്നു.16 നായ്ക്കളെ പിന്നീട് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽ ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്ന 13 എണ്ണത്തിനെ കൊന്നു. Content Highlights:missing man in texas eaten by his own dogs