ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കാൻ തിരക്കിട്ട ചർച്ചകൾ തുടരുന്നു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും തമ്മിൽ കൂടിക്കാഴ്ച നടക്കുകയാണ്. കൂടിക്കാഴ്ചയിൽ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ, കെ.സി.സി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു എന്നിവരും പങ്കെടുക്കുന്നുണ്ട്. 16 എംഎൽഎമാർ രാജിവെച്ച സാഹചര്യത്തിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായിട്ടുണ്ട്. അതിനാൽ ഇന്നുതന്നെ കുമാരസ്വാമി സർക്കാർ രാജിവെച്ചേക്കുമെന്നാണ് വിവരം. 11 മണിക്ക് പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം ഗവർണറെ കണ്ട് രാജിസമർപ്പിക്കുമെന്നാണ് കരുതുന്നത്. വിമതരെഅനുനയിപ്പിക്കാനുള്ള ഡി.കെ ശിവകുമാറിന്റെ ശ്രമത്തിനിടെ രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജി വെച്ചത് കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇതിന് പുറമെ സ്പീക്കർ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി വിമതർ സുപ്രീംകോടതിയെ സമീപിച്ചു. ഇത് കോടതി ഇന്ന് പരിഗണിക്കും. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും പരാജയപ്പെട്ടു. ഇത്തരം നിരവധി പരീക്ഷണങ്ങൾ നേരിട്ട നിർണായക ദിവസാണ് കുമാരസ്വാമി സർക്കാരിന്റേത്. ഇന്ന് രണ്ട് എംഎൽഎമാർകൂടി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുന്നത്. കുമാരസ്വാമി നേരിട്ട് വിളിച്ചാണ് ചർച്ചയ്ക്ക് സന്നദ്ദത അറിയിച്ചത്. സഖ്യസർക്കാരിനെ നിലനിർത്താൻ പുതിയ ഫോർമുലകളാണ് ചർച്ച ചെയ്യുന്നത്. കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ അനുവദിച്ച് ജെഡിഎസ് പുറത്തുനിന്ന് പിന്തുണ നൽകുന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. രാജിവെച്ച 16 പേരും നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. മാത്രമല്ല സ്പീക്കറെ വീഡിയോ കോളിൽ വിളിച്ച് തങ്ങൾതന്നെയാണ് രാജിവെച്ചത് എന്ന് അറിയിക്കുകയും ചെയ്തു. സ്പീക്കർക്ക് സ്പീഡ് പോസിറ്റിൽ രാജിക്കത്ത് നേരിട്ട് അയച്ചുകൊടുക്കുകയും ചെയ്തു. 16 പേരും സർക്കാരിനെതിരായ നിൽക്കുന്നതിനാൽ സർക്കാരിന് മുന്നോട്ടുപോകാനാകില്ല. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി ചർച്ചയ്ക്ക് കെ.സി. വേണുഗോപാലിനെ വിളിച്ചത്. 9.15 മുതൽ ആരംഭിച്ച കൂടിക്കാഴ്ചയിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. നിലവിൽ 101 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് സർക്കാരിനുള്ളത്. ബിജെപിക്ക് 107 എംഎൽഎ മാരുടെ പിന്തുണയുണ്ട്. 16 എംഎൽഎമാർ രാജിവെച്ചിരിക്കുന്നതിനാൽ സർക്കാർ ന്യൂനപക്ഷമാണ്. Contemt Highlights:Karnataka Political Crisis, Congress, JDS