ബുലന്ദ്ശഹർ: നയാബാസ് ഗ്രാമത്തിലെത്തുമ്പോൾ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അനസ്. മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഒപ്പമുള്ള കുട്ടികൾ ഇതാണ് ആളെന്നു ചൂണ്ടിക്കാട്ടി. അതുകേട്ടു ചിരിക്കുമ്പോഴും മുഖത്തെ നിഷ്കളങ്കത മാഞ്ഞില്ല. രണ്ടുപേരുടെ കൊലപാതകത്തിൽ കലാശിച്ച ആൾക്കൂട്ടാക്രമണത്തിന് കാരണമായ 'ഗോഹത്യ' ചെയ്തവരിൽ ഈ പതിനൊന്നുകാരനുമുണ്ടെന്നാണ് പോലീസ് കേസ്. അനസ് മാത്രമല്ല, കൂട്ടുകാരൻ സാജിദ് എന്ന പന്ത്രണ്ടുകാരനെയും ഗോഹത്യക്കേസിൽ പോലീസ് പ്രതിയാക്കി. കഴിഞ്ഞ ദിവസം മഹാവ് ഗ്രാമത്തിൽ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെപേരിൽ ഏഴുപേർക്കെതിരേയാണ് ഗോഹത്യക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതിൽ നാലുപേരെ അറസ്റ്റുചെയ്തു. 25 പശുവിനെ അറത്തിട്ടുണ്ടെന്നാണ് പ്രചാരണം. പശുവിനെ അറത്തവരെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്ഥലം എം.എൽ.എ.യും ആവശ്യപ്പെട്ടതും ഏഴുപേരെ പ്രതികളാക്കിയതുമൊക്കെ സംഘർഷത്തിലെ അന്വേഷണം ഗോഹത്യയിലേക്ക് വഴിമാറുന്നതിന്റെ സൂചനയായി. പാടത്ത് പശുവിനെ അറത്തതിന് കേസെടുത്ത ഏഴുപേരിൽ രണ്ടുപേർ കുട്ടികളല്ലേയെന്നു ചോദിച്ചപ്പോൾ അവരുടെ പ്രായം പരിശോധിച്ചുവരികയാണെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ പ്രവീൺ രഞ്ജൻ സിങ്ങിന്റെ മറുപടി. സുമിത് എന്ന വിദ്യാർഥിയും സുബോധ്കുമാർ എന്ന ഇൻസ്പെക്ടറും കൊല്ലപ്പെട്ട സംഘർഷത്തിൽ പോലീസിന്റെ അന്വേഷണം ഗോഹത്യയിലേക്കു വഴിമാറുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ബുധനാഴ്ചത്തെ സംഭവവികാസങ്ങൾ. എന്തിനാണ് തന്റെ മകനെ ഗോഹത്യക്കേസിൽ പ്രതിചേർത്തതെന്ന് അറിയില്ലെന്ന് സാജിദിന്റെ പിതാവ് യാസീൻ 'മാതൃഭൂമി'യോടു പറഞ്ഞു. ഫർണിച്ചർ ജോലിചെയ്ത് കുടുംബം പോറ്റുകയാണ് ഒരപകടത്തിൽപ്പെട്ട് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്ന യാസീൻ. തന്നെയും മകനെയും മൂന്നു മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചു. മകന് 12 വയസ്സേയുള്ളൂ. നയാബാസ് ഗ്രാമത്തിലെതന്നെ അനസിനെയും കേസിൽ പ്രതിചേർത്തു. പോലീസ് തങ്ങളോട് യാതൊന്നും പറഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളിൽ ബുലന്ദ്ശഹറിൽ നടന്ന തബ് ലീഗി ജമായത്ത് പരിപാടിയിൽ പ്രാർഥിക്കാൻ ചെന്നതൊഴിച്ചാൽ മറ്റൊന്നും തങ്ങൾ ചെയ്തിട്ടില്ല -യാസീൻ പറഞ്ഞു. സ്റ്റേഷനിൽ ചെന്നപ്പോഴാണ് സറഫുദീൻ എന്നയാൾ ഉൾപ്പെടെ നാലുപേരെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഗോഹത്യയെക്കുറിച്ചോ അതിന്റെപേരിൽ നടന്ന അക്രമങ്ങളെക്കുറിച്ചോ ഒന്നുമറിയാത്ത സാജിദ്, അനസ് എന്നീ കുട്ടികളെയാണ് ബുധനാഴ്ച ഗ്രാമത്തിലെത്തിയ മാധ്യമപ്രവർത്തകർ കണ്ടത്. ഇതോടെ, പോലീസിന്റെ പ്രതിപട്ടികയെക്കുറിച്ചുള്ള സംശയങ്ങളും രൂക്ഷമായി. അക്രമത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ബജ്രംഗ്ദൾ പ്രവർത്തകൻ യോഗേഷ് രാജിന്റെ വീടും നയാബാസ് ഗ്രാമത്തിലാണ്. യോഗേഷിന്റെ വീട്ടിൽ സ്ഥലം എം.എൽ.എ. ദേവേന്ദർ സിങ് ലോധി ബുധനാഴ്ച സന്ദർശനം നടത്തി. യോഗേഷ് ഉൾപ്പെടെയുള്ള നിരപരാധികൾക്കെതിരേ പോലീസ് കേസെടുത്തെന്ന് അദ്ദേഹം വിമർശിച്ചു. 45 പശുക്കളെ അറത്തിട്ടുണ്ടെന്നു പറഞ്ഞ എം.എൽ.എ., ബുലന്ദ്ശഹറിൽ നടന്ന മതസമ്മേളനത്തിൽ ആ ഇറച്ചി വിളമ്പിയിട്ടുണ്ടാവാമെന്നും അക്കാര്യം പോലീസ് അന്വേഷിക്കണമെന്നും അഭിപ്രായപ്പെട്ടു. യോഗേഷ് നൽകിയ പരാതിയനുസരിച്ചാണ് പോലീസ് ഗോഹത്യയ്ക്കു കേസെടുത്തിട്ടുള്ളത്. സൗരഭ്, ശേഖർ എന്നീ സുഹൃത്തുക്കൾക്കൊപ്പം ഒമ്പതുമണിയോടെ മഹാവിലെ കരിമ്പുപാടത്ത് പശുവിനെ അറക്കുന്നതു കണ്ടുവെന്നാണ് യോഗേഷിന്റെ പരാതി. എന്നാൽ, രാവിലെ ആറിനും ഏഴിനും ഇടയിലാണ് ഗ്രാമവാസികൾ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെന്നു വിവരം അറിയിച്ചതെന്ന് വയലുടമ രാജ്കുമാറിന്റെ ഭാര്യ പ്രീതി പറഞ്ഞു. ഉടൻ രാജ്കുമാർ വയലിലേക്കുപോയി. അതു കണ്ടയുടൻ പോലീസിനെയും വിവരമറിയിച്ചു. അപ്പോഴേക്കും ഒട്ടേറെപ്പേർ അവിടെ തടിച്ചുകൂടിയിരുന്നു. ബജ്രംഗ്ദളുകാരെ രാജ്കുമാർ വിളിച്ചുവരുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞതു മാനിക്കാതെ അവർ പശുവിന്റെ അവശിഷ്ടം ഒരു ട്രക്കിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രീതി പറഞ്ഞു. സാധാരണനിലയിൽ കർഷകർ രാവിലെത്തന്നെ വയലിലേക്കു പോവാറുണ്ടെന്ന് ഗ്രാമവാസികളും ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ, ഒമ്പതുമണിക്കാണ് ഏഴുപേർ പശുവിനെ അറത്തതു കണ്ടതെന്ന വാദം അവരും തള്ളിക്കളഞ്ഞു. ഇതുവരെ ഗ്രാമത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് സംഘർഷസ്ഥലത്ത് കച്ചവടം നടത്തുന്ന ധരംപാൽ സിങ്ങും ചൂണ്ടിക്കാട്ടി. പോലീസ് പോസ്റ്റിനു സമീപം പ്രതിഷേധിക്കാനെത്തിയത് പുറത്തുനിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ നിരപരാധി, സംഭവസമയം അവിടെയുണ്ടായിരുന്നില്ല' ലഖ്നൗ: താൻ നിരപരാധിയാണെന്ന അവകാശവാദവുമായി ബുലന്ദ്ശഹർ കലാപത്തിലെ മുഖ്യപ്രതി യോഗേഷ് രാജിന്റെ വീഡിയോ. സംഭവം നടന്നപ്പോൾ താൻ പരാതി നൽകാനായി പോലീസ് സ്റ്റേഷനിലായിരുന്നെന്നും ബജ്രംഗ്ദൾ ജില്ലാ കോ-ഓർഡിനേറ്റർ യോഗേഷ് വീഡിയോയിൽ പറയുന്നു. യോഗേഷ് ഇപ്പോൾ ഒളിവിലാണ്. തെറ്റുചെയ്യാത്ത താനൊരു ക്രിമിനലായി ബ്രാൻഡ് ചെയ്യപ്പെട്ടുകഴിഞ്ഞെന്നും തുടർച്ചയായി തന്നെ കുറ്റവാളിയാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും വീഡിയോയിൽ ആരോപിക്കുന്നു. രണ്ടു സംഭവങ്ങളാണ് ആ ദിവസമുണ്ടായത്. വനമേഖലയിൽനിന്ന് പശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയപ്പോൾ ഞാൻ അടുത്തുള്ളൊരു ഗ്രാമത്തിലായിരുന്നു. സഹപ്രവർത്തകരോടൊപ്പമാണ് സംഭവസ്ഥലത്തെത്തിയത്. അപ്പോൾ പോലീസും അവിടെയുണ്ടായിരുന്നു. പ്രദേശത്ത് പ്രശ്നമൊന്നുമില്ലെന്നറിഞ്ഞപ്പോൾ ഞങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽപോയി പരാതി നൽകി. സംഘർഷം ഉടലെടുത്തതായി അറിഞ്ഞ സമയവും ഞാൻ സ്റ്റേഷനിൽത്തന്നെ ഉണ്ടായിരുന്നു- യോഗേഷ് പറഞ്ഞു. ബജ്രംഗ്ദളുകാർ കലാപത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ബജ്രംഗ്ദളുകാരായ തങ്ങളെന്തിനാണ് പോലീസിൽ പരാതി നൽകിയതെന്ന് യോഗേഷ് ചോദിക്കുന്നു. content highlights:Bulandshahr violence,Yogesh Raj,Inspector Subodh Kumar