Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സുധീരന്റെ വിമർശനങ്ങൾ: ഹൈക്കമാൻഡ് ഇടപെട്ടേക്കും

തിരുവനന്തപുരം: വി.എം.സുധീരന്റെ വിമർശനങ്ങൾ അതിരുവിടുന്നെന്നും അതിന്റെ പേരിൽ അദ്ദേഹത്തിന് മറുപടിനൽകി പ്രശ്നങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്നും എ, ഐ ഗ്രൂപ്പുകൾ. സുധീരൻ നടത്തിയത് അച്ചടക്കലംഘനമാണെന്ന് കാണിച്ച് ഹൈക്കമാൻഡിന് പരാതി നൽകാനൊരുങ്ങുകയാണ് ഇരുഗ്രൂപ്പും. ഡൽഹിയിലുള്ള കെ.പി.സി.സി. അധ്യക്ഷൻ എം.എം.ഹസൻ ഇക്കാര്യം എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ ശ്രദ്ധയിൽപ്പെടുത്തി. ചൊവ്വാഴ്ച രാഷ്ട്രീയകാര്യ സമിതിയിൽ ഒന്നേകാൽ മണിക്കൂറെടുത്ത് സംസാരിച്ച കാര്യങ്ങൾ വീണ്ടും പുറത്ത് ഉന്നയിക്കുന്നത് സ്ഥിതിഗതികൾ കലക്കുകയെന്ന ഉദ്ദേശ്യത്തോടെയാകുമെന്ന നിഗമനത്തിലാണ് ഇരുഗ്രൂപ്പും. സാധാരണ സുധീരന് മറുപടിയുമായി എ, ഐ ഗ്രൂപ്പ് നേതാക്കൾ അപ്പോൾത്തന്നെ രംഗത്തിറങ്ങേണ്ടതാണ്. എന്നാൽ, സുധീരൻ വീണ്ടും പത്രസമ്മേളനം നടത്തിയത്, തനിക്ക് ഒരുനിയന്ത്രണവും ബാധകമല്ലെന്ന് വരുത്താനാണെന്ന മൃദുവായ മറുപടിയിൽ കെ.സി.ജോസഫ് വിമർശനം ഒതുക്കി. മറ്റുനേതാക്കളോട് പ്രതികരിക്കരുതെന്ന് കർശനനിർദേശം നൽകി. കോൺഗ്രസിലെ പ്രശ്നവുമായി ബന്ധപ്പെട്ട ചാനൽചർച്ചകളിൽ പങ്കെടുക്കരുതെന്ന് മറ്റുനേതാക്കൾക്ക് ഗ്രൂപ്പ് നേതൃത്വം മുന്നറിയിപ്പും നൽകി. ഹൈക്കമാൻഡ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കട്ടെയെന്ന സമീപനമാണ് നേതൃത്വം പുലർത്തുന്നത്. രാജ്യസഭാസീറ്റ് കൈവിട്ടത് സംബന്ധിച്ച വിവാദം പാർട്ടി നേതൃയോഗങ്ങളോടെ കെട്ടടങ്ങുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ, മൂന്നുനേതാക്കൾ ചേർന്ന് സ്വിച്ചിട്ടാൽ വിവാദമടങ്ങില്ലെന്ന സൂചനയാണ് സുധീരൻ നൽകുന്നത്. വേണ്ടത്ര ചർച്ചയില്ലാതെ തീരുമാനമെടുത്തതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് നേതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ല. ഈ അവസരം ഒരു നിമിത്തമാക്കി ഹൈക്കമാൻഡ് ഇടപെടൽ ഉറപ്പിക്കാനും ഭാവിയിൽ ഗൗരവമായ തീരുമാനങ്ങൾ മുതിർന്ന നേതാക്കളോട് ആലോചിച്ച് തീരുമാനിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുകയുമാണ് സുധീരന്റെ ലക്ഷ്യമെന്ന് കരുതുന്നു. കാര്യങ്ങൾ ഇത്രയും മോശമായ സ്ഥിതിക്ക് ഹൈക്കമാൻഡ് ഇടപെട്ടേക്കും. കെ.പി.സി.സി.ക്ക് പുതിയ അധ്യക്ഷൻ വരുമ്പോൾ തീരുമാനങ്ങളെടുക്കുന്നതിന് മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന ഏതെങ്കിലുമൊരു സമിതിയെ നിയോഗിച്ചേക്കാം. അത്തരത്തിലുള്ള ക്രമീകരണങ്ങളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകും ഹൈക്കമാൻഡ് ശ്രമിക്കുക. കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിനോടും ഘടകകക്ഷികൾ കോൺഗ്രസിനുമേൽ പിടിമുറുക്കുന്നതുമായ ഗൗരവമുള്ള കാര്യങ്ങളാണ് സുധീരൻ ഉന്നയിക്കുന്നത്. ഗ്രൂപ്പ് ഭേദമെന്യേ പാർട്ടിയിൽ ഈ നിലപാടിനുള്ള പിന്തുണ അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാൽ, പാർട്ടി പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തരം വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മറുപടിപറഞ്ഞ് പ്രശ്നം കൂടുതൽ വഷളാക്കേണ്ടെന്ന നിലപാട് അവരെടുത്തതും ഇതുമൂലമാണ്. ഭരണപരമായ കാര്യങ്ങളിൽ സുധീരൻ ഉന്നയിച്ച വിമർശനങ്ങളോട് ഉമ്മൻ ചാണ്ടി പ്രതികരിച്ചേക്കും; പ്രത്യേകിച്ചും വിഴിഞ്ഞം പദ്ധതി, ബാർ നിരോധനം തുടങ്ങിയ കാര്യങ്ങളിൽ. ഇക്കാര്യങ്ങളിൽ രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന വിമർശനമാണ് സുധീരൻ ഏറ്റുപിടിച്ചതെന്ന് അവർ കുറ്റപ്പെടുത്തുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com