കെവിന്റെ കുടുംബത്തിന് 10 ലക്ഷം, നീനുവിന്റെ പഠനം സര്ക്കാര് ഏറ്റെടുക്കും
തിരുവനന്തപുരം: ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിൻ പി. ജോസഫിന്റെ കുടുംബത്തിന് വീടുവെക്കാൻ സർക്കാർ 10 ലക്ഷം രൂപ നൽകും. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചത്. കസ്തൂരിരംഗൻ റിപ്പോർട്ടിൽനിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.