Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഗര്‍ഭിണിയായ യാത്രക്കാരി കുഴഞ്ഞുവീണു; കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ആംബുലന്‍സായി

തിരുവനന്തപുരം: ഗര്‍ഭിണിയായ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ആംബുലന്‍സിനെപ്പോലെ പാഞ്ഞു. വഴിയില്‍ ഇറങ്ങേണ്ട യാത്രക്കാരും ബസ് നിര്‍ത്തേണ്ടെന്ന് ആവശ്യപ്പെട്ടു സഹകരിച്ചു. യാത്രക്കാരിലൊരാളായ പോലീസ് ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ജീപ്പും വഴികാട്ടിയായി. ചടയമംഗലം ഡിപ്പോയില്‍നിന്നു തിരുവനന്തപുരത്തേക്ക് തിങ്കളാഴ്ച രാവിലെ 8.15-ന് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് കന്യാകുളങ്ങരനിന്ന് എസ്.എ.ടി. ആശുപത്രിയിലേക്ക് ഹെഡ്‌ലൈറ്റും തെളിച്ചു പാഞ്ഞത്. ആയൂരില്‍നിന്നു കയറിയ ഗര്‍ഭിണിക്കൊപ്പം ഭര്‍ത്താവും മകനുമുണ്ടായിരുന്നു. ബസ് കന്യാകുളങ്ങരയില്‍ എത്തിയപ്പോഴാണ് യുവതിക്ക് അസ്വസ്ഥതയുണ്ടായത്. മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനേക്കാള്‍ നല്ലത് ബസില്‍ത്തന്നെ യാത്ര തുടരുന്നതാണെന്നു മനസ്സിലാക്കിയ കണ്ടക്ടര്‍ സാജന്‍ കെ.ജോണ്‍, ഡ്രൈവര്‍ കെ.ഗിരീഷിനോട് ബസ് എസ്.എ.ടി.യിലേക്ക് ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എഴുപതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. സ്ത്രീകളും സഹായത്തിനെത്തി. യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതുവരെയുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ടെന്ന് അവര്‍ തീരുമാനിച്ചു. ബസിനുള്ളില്‍നിന്നു കൈവീശിയും മറ്റു വാഹനങ്ങളെ മാറ്റി വഴിയൊരുക്കാന്‍ സഹായം അഭ്യര്‍ഥിച്ചും യാത്രക്കാരും ഒത്തുകൂടി. ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ ഒരു ബസിലുള്ളവരെല്ലാം ഒറ്റ സ്വരത്തില്‍ ഈ വാഹനം കടത്തിവിടണേയെന്നു പറഞ്ഞപ്പോള്‍ ആംബുലന്‍സിനു വഴിമാറുന്നതിനേക്കാള്‍ വേഗത്തില്‍ മുന്നിലെ വാഹനങ്ങള്‍ മാറി. തിങ്കളാഴ്ചത്തെ ഗതാഗതക്കുരുക്കുകളെ മറികടന്ന് ബസ് പരമാവധി വേഗത്തില്‍ കേശവദാസപുരത്ത് എത്തി. പോലീസ് കണ്‍ട്രോള്‍ റൂം വാഹനം അവിടെ വഴികാട്ടിയാകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ട്രാഫിക് പോയിന്റുകളിലും വിവരം കൈമാറി. ബസിനു കടന്നുപോകാന്‍ പോലീസുകാരും ട്രാഫിക് വാര്‍ഡന്‍മാരും വഴിയൊരുക്കി. ശരവേഗത്തില്‍ ബസ് മെഡിക്കല്‍കോളേജ് കവാടം കടന്ന് എസ്.എ.ടി.യില്‍ എത്തി. ഡ്രൈവറെയും കണ്ടക്ടറെയും അഭിനന്ദിച്ച് ബസ് യാത്രക്കാരില്‍ ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പുകളാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com