Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കര്‍ഷകര്‍ക്ക് പിന്തുണയുമായി മുംബൈ; ഭക്ഷണവും വെള്ളവുമായി നഗരവാസികളും ഡബ്ബാവാലകളും

മുംബൈ: സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോഭത്തിനാണ് മുംബൈ സാക്ഷ്യംവഹിക്കുന്നത്. മുപ്പതിനായിരത്തോളം വരുന്ന കർഷകരുമായി നാസിക്കിൽനിന്ന് ആരംഭിച്ച ലോങ് മാർച്ച് മുംബൈയിൽ എത്തിയതോടെ ഒരു ലക്ഷത്തോളം പേർ മാർച്ചിൽ അണിചേർന്നുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രയധികം വരുന്ന മനുഷ്യരെ മുംബൈ പോലെ തിരക്കേറിയ ഒരു നഗരം എങ്ങനെ ഉൾക്കൊള്ളുന്നുവെന്നത് അത്ഭുതകരമായി തോന്നാം. രൂക്ഷമായ വെയിലിൽ 180ൽ അധികം കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയ കർഷകരെ മുംബൈ നിവാസികൾ മനസ്സറിഞ്ഞ് സ്വാഗതം ചെയ്യുകയാണ്. കുടിക്കാനുള്ള വെള്ളവും ലഘുഭക്ഷണവും ഒരുക്കി നഗരവാസികൾ കർഷകരുടെ പ്രശ്നങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്. എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ ഗതാഗത പ്രശ്നം ഒഴിവാക്കുന്നതിനായി പാതിരാത്രിയിലാണ് പ്രക്ഷോഭകർ താനെയിൽനിന്ന് മുംബൈ വരെ നടന്നെത്തിയത്. വിദ്യാർഥികളോടു സമരക്കാർ കാട്ടിയ ഈ പരിഗണനയും നഗരവാസികൾക്ക് അവരോടുള്ള സഹാനുഭൂതി ഏറ്റിയിട്ടുണ്ടാവണം. സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതിന്റെ ഭാഗമായി നിയമസഭ വളയാനാണ് കർഷകർ തീരുമാനിച്ചിരുന്നത്. പ്രക്ഷോഭത്തിന്റെ രൂക്ഷത തിരിച്ചറിഞ്ഞ് സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതിന്റെ ഭാഗമായാണ് കർഷകരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തയ്യാറായത്. 12 അംഗങ്ങൾ അടങ്ങുന്ന സംഘമാണ് കർഷകർക്കുവേണ്ടി ആറ് സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. ചർച്ചയിൽ തീരുമാനമാകുംവരെ ആസാദ് മൈതാനിൽ കാത്തിരിക്കുകയാണ് കർഷകർ. @twitter കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളുടെ അടിയന്തിര പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് എല്ലാവിധ പിൻതുണയുമായി മുംബൈയിലെ തനതായ ഭക്ഷണ വിതരണക്കാരായ ഡബ്ബാവാലകൾ രംഗത്തിറങ്ങിയിട്ടുണ്ട്. സമരക്കാർക്കായി ഭക്ഷണം സമാഹരിച്ച് എത്തിച്ചു നൽകുന്നത് അവരാണ്. ഭക്ഷണശാലകൾ, ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നും കല്യാണം, വിരുന്ന് തുടങ്ങിയ പൊതു പരിപാടികളിൽനിന്നുമെല്ലാം ബാക്കിവരുന്ന ഭക്ഷണം ശേഖരിച്ച് തങ്ങളുടെ വാഹനങ്ങളിൽ കർഷകർക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. @twitter മുംബൈ ഡബ്ബാവാല അസോസിയേഷൻ വക്താവ് സുഭാഷ് തലേക്കറുടെ ഈ വാക്കുകൾ തന്നെ കർഷക സമരത്തെ നഗരവാസികൾ ഏതുവിധത്തിലാണ് ഉൾക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കും: ഉൾഗ്രാമങ്ങളിൽ ജീവിക്കുന്ന ഈ കർഷകരാണ് നരവാസികളായ ഞങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉദ്പാദിപ്പിച്ചു നൽകുന്നത്. അവർക്ക് ഭക്ഷണം നൽകി സഹായിക്കുക എന്നതും പിൻതുണ നൽകുക എന്നതും ഞങ്ങളുടെ ഉത്തരവാദിത്വമാണ്- അദ്ദേഹം പറയുന്നു. ദാദർ മുതൽ കോലാബ വരെയുള്ള മേഖലകളിൽനിന്ന് ഭക്ഷണം ശേഖരിക്കാനും ആസാദ് മൈതാനിൽ എത്തിച്ച് കർഷകർക്ക് വിതരണം ചെയ്യാനും അസോസിയേഷനിലുള്ള പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനകംതന്നെ മാധ്യമങ്ങളിലൂടെയും മറ്റും സമരത്തിനു കിട്ടിയ വലിയ പ്രചാരം സമരത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലും അവബോധമുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിമുതൽ നഗരവാസികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ വട-പാവും മറ്റു ഭക്ഷണ സാധനങ്ങളും കുടിവള്ളവും കർഷകർക്ക് നൽകുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പിന്തുണകളുടെ പോസ്റ്റുകളും ചിത്രങ്ങളും പ്രചരിക്കുകയും ചെയ്യുന്നുണ്ട്. @twitter ഗത്യന്തരമില്ലായ്മയിൽനിന്ന് സ്വയം പൊട്ടിപ്പുറപ്പെട്ടതാണ് കർഷക പ്രക്ഷോഭമെങ്കിലും സിപിഎമ്മിന്റെ കർഷക സംഘടനയായ ഓൾ ഇന്ത്യ കിസാൻ സഭയാണ് സമരത്തിന്റെ നേതൃത്വത്തിലുള്ളത്. എങ്കിലും കോൺഗ്രസ്, എൻസിപി, ശിവസേന, മഹാരാഷ്ട്ര നവനിർമാൺ സേന എന്നിവയും ലോങ് മാർച്ചിന് പിന്തുണയും സഹായവും നൽകുന്നുണ്ട്. ലോങ് മാർച്ചിലെ ചെങ്കൊടിയുടെ സാന്നിധ്യം കണക്കിലെടുക്കാതെ കർഷകർക്കുവേണ്ട എല്ലാ സഹായവും നൽകുമെന്ന് സർക്കാരിന്റെ ഭാഗമായ ശിവസേന വ്യക്തമാക്കിയിട്ടുമുണ്ട്. @twitter ചർച്ചകൾക്കായി കർഷകരെ ക്ഷണിക്കുമ്പോൾത്തന്നെ പ്രകോപനപരമായി സംസാരിക്കാനും സർക്കാർ ശ്രമിക്കുന്നു എന്നത് പ്രശ്നം പരിഹരിക്കാനുള്ള സർക്കാരിന്റെ ആത്മാർഥതയെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. ബിജെപി എംപി പൂനം മഹാജൻ സമരത്തെ വിശേഷിപ്പിച്ചത് നഗരമാവോയിസ്റ്റുകൾ (അർബൻ മാവോയിസ്റ്റ്) എന്നാണ്. സിപിഎമ്മിന്റെ എംപി എംബി രാജേഷ് ഇതിനെതിരെ രൂക്ഷമായി തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞപക്ഷം ദിനപത്രം വായിക്കുകയെങ്കിലും ചെയ്യണമെന്ന് അദ്ദേഹം പൂനം മഹാജനോട് ആവശ്യപ്പെട്ടു. മുംബൈയിൽ സമരത്തിനായി എത്തിയിരിക്കുന്നവരിൽ 95 ശതമാനവും ആദിവാസികളാണെന്നും അവർ കർഷകരല്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നിയമസഭയിൽ പറഞ്ഞതും കർഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഒരു യഥാർഥ പ്രശ്നത്തിന്റെ പേരിൽ ഒരു ജനത ഒന്നിക്കുമ്പോൾ പലപ്പോഴും, കക്ഷിരാഷ്ട്രീയവും ഗ്രാമ-നഗര വ്യത്യാസങ്ങളും മറന്ന് ജനങ്ങൾ ഒന്നിക്കുന്ന കാഴ്ചയാണ് മുംബൈയിൽ ഇപ്പോൾ കാണുന്നത്. സമരസന്നാഹങ്ങളോ വാഗ്വിലാസങ്ങളോ അല്ല, ഉന്നയിക്കുന്ന വിഷയത്തിന്റെ സത്യസന്ധതയും അനിവാര്യതയുമാണ് ഒരു പ്രക്ഷോഭത്തെ ഐതിഹാസികമാക്കുന്നതെന്ന് മുംബൈ ലോങ് മാർച്ച് കാട്ടിത്തരുന്നു. Content Highlights:Mumbais Dabbawalas, Farmers, long march

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com