Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നെഹ്‌റു ട്രോഫി വള്ളം കളി ; ഇന്ന് പുന്നമടയ്ക്ക് കമോണ്‍ട്രാ.....

ആലപ്പുഴ: ജലരാജക്കൻമാരുടെ പോരാട്ടം ശനിയാഴ്ച പുന്നമടക്കായലിൽ. 65-ാമത് നെഹ്രുട്രോഫി വള്ളംകളി ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചരിത്രത്തിലാദ്യമായി 78 വള്ളങ്ങളാണ് പുന്നമടയിലെ ജലമാമങ്കത്തിൽ പങ്കെടുക്കുന്നത്. പ്രധാന മത്സരങ്ങളെല്ലാം ഉച്ചകഴിഞ്ഞാണ് നടക്കുന്നത്. 20 ചുണ്ടൻവള്ളങ്ങളാണ് ജലപോരിനായി ഇറങ്ങുന്നത്. നാല് ചുണ്ടനുകൾ പ്രദർശന മത്സരത്തിലും ഉണ്ടാകും. അഞ്ച് ഹീറ്റ്സുകളിൽ കുറഞ്ഞസമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് ചുണ്ടനുകളായിരിക്കും ഫൈനലിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ഇന്ന് പുന്നമടയ്ക്ക് കമോൺട്രാ..... ആലപ്പഴ: ആളൊരുങ്ങി, അരങ്ങൊരുങ്ങി. ഇന്നാണ് കാത്തിരുന്ന ആ പൂരം. ആലപ്പുഴയുടെ അഴകായ സ്വന്തം ജലപൂരം. ഈ പൂരത്തിന് വെടിക്കെട്ടില്ല. എന്നാൽ, ഇടിവെട്ടും. കരിനാഗങ്ങളുടെ ഏറ്റമുട്ടലിൽ ഓളപ്പരപ്പിൽ ഇടിവെട്ടും. ഓളങ്ങൾക്ക് തീപിടിക്കും. ഈ പൂരത്തിന് കുടമാറ്റമില്ല. എന്നാൽ, തുഴയെറിച്ചിലുണ്ട്. അഴകാർന്ന തുഴയെറിച്ചിൽ. വെള്ളത്തുള്ളികൾ ചിന്നിച്ചിതറുന്ന തുഴയെറിച്ചിൽ. കത്തുപിടിച്ച ഓളപ്പരപ്പിലൂടെ ജലരാജാക്കൻമാർ പാറിപ്പറക്കും. തീഗോളങ്ങളായി ഫിനിഷിങ് പോയന്റിലേക്ക് കുതിച്ചുകയറും. വെള്ളിക്കപ്പടിക്കാനുള്ള വെള്ളത്തിലെ പോരാട്ടം കാണാൻ ആർപ്പും ആരവവുമായി വള്ളങ്ങളുടെ ആരാധകരും ഒപ്പമുണ്ട്. 65മത് നെഹ്രുട്രോഫിക്കായി കരയും കായലും അണിഞ്ഞൊരുങ്ങി. പുന്നമടയിൽ പുലിക്കുട്ടികൾ തുഴച്ചിലിനായി അങ്കം മുറുക്കിക്കഴിഞ്ഞു. തന്ത്രങ്ങളും ആയുധങ്ങളും സർവസന്നാഹങ്ങളുമായി തുഴച്ചിൽ സൈന്യം പുന്നമട കീഴടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ജലപോരാട്ടം കാണാൻ വിദേശികളും സ്വദേശികളുമടക്കം വള്ളംകളിപ്രേമികൾ ആലപ്പുഴയിലേക്ക് വണ്ടി കയറിക്കഴിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. മൊത്തം 78 വള്ളങ്ങളാണ് ഇത്തവണ ജലോത്സവത്തിൽ പങ്കെടുക്കുന്നത്. മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ നാലും ഉൾപ്പെടെ 24 ചുണ്ടനുകളാണ് ജലപോരിനുള്ളത്. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒൻപത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ്് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളൻ വള്ളവും തെക്കനോടിയിൽ മൂന്നുവീതം തറ, കെട്ടുവള്ളവും മാറ്റുരയ്ക്കും. ജോയുടെ കളിപറച്ചിൽ 30-ാം വർഷത്തിലേക്ക് ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയുടെ വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ ഇത്തവണയും ജോ ജോസഫ് തായങ്കരി. തുടർച്ചായി മുപ്പതാം വർഷമാണ് ജോ ജോസഫ് വള്ളംകളിയുടെ കഥപറച്ചിലുകാരനാകുന്നത്. ദൂരദർശനുവേണ്ടി മലയാളത്തിൽ വള്ളംകളിപറഞ്ഞാണ് ഇദ്ദേഹം ലോകമെങ്ങും നെഹ്രുട്രോഫിയെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നത്. ദൂരദർശന്റെ 1985ലെ ആദ്യബാച്ച് കമന്റേറ്ററാണ് ജോ. 1988ൽ ആകാശവാണിക്കുവേണ്ടിയായിരുന്നു ആദ്യമായി വള്ളംകളിയുടെ ദൃക്സാക്ഷിവിവരണം നടത്തിയത്. 1991വരെ ആകാശവാണിക്കുവേണ്ടി കളിപറഞ്ഞു. 1992 മുതൽ ദൂരദർശനുവേണ്ടി വിവരണം നൽകാനാരംഭിച്ചു. ദൂരദർശനിൽ 76 പരിപാടികൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. ദേശീയ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഒളിമ്പിക്സ് എന്നിവയ്ക്കുവേണ്ടിയും വിവരണങ്ങൾ നൽകിയിട്ടുണ്ട്. നെഹ്രുട്രോഫി: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. രാവിലെ ആറു മുതൽ ആലപ്പുഴ നഗരത്തിലെ റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി ഉടമയിൽനിന്ന് പിഴ ഈടാക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ ജില്ലാക്കോടതി വടക്കെ ജങ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശ്ശടി ജങ്ഷൻ വരെ വാഹനഗതാഗതം അനുവദിക്കില്ല. കൺട്രോൾ റൂം മുതൽ കിഴക്ക് ഫയർഫോഴ്സ് ഓഫീസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആർ.ടി.സി. ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല. വള്ളംകളി കാണാൻ ആലപ്പുഴ തണ്ണീർമുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടിവഴി വന്ന് എസ്.ഡി.വി. സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ കാർമൽ, സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ ഹെവികണ്ടെയ്നർ ടൗണിൽ പ്രവേശിക്കാൻ പാടില്ല. തെക്കുഭാഗത്തുവരുന്ന ഹെവികണ്ടെയ്നർ വാഹനങ്ങൾ കളർകോട് ബൈപ്പാസിലും വടക്കുഭാഗത്തുനിന്ന് വരുന്നവ കൊമ്മാടി ബൈപ്പാസിലും പാർക്ക് ചെയ്യണം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com