Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'ബ്ലൂവെയ്ല്‍ കെണി'- 24 മണിക്കൂറില്‍ രക്ഷപ്പെടുത്തിയത് രണ്ടുകുട്ടികളെ

ന്യൂഡൽഹി: ബ്ലൂവെയിൽ ഓൺലൈൻ ഗെയിം ചലഞ്ചിനടിമകളായി ആത്മഹത്യയ്ക്ക് ശ്രമിച്ച് രണ്ട് വിദ്യാർഥികളെ രക്ഷപ്പെടുത്തി. മുംബൈയിൽ 14 കാരനായ വിദ്യാർഥി ആത്മഹത്യചെയ്തതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് കഴിഞ്ഞ ദിവസം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി രണ്ടുവിദ്യാർഥികളെ രക്ഷപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ സോളാപൂർ, മധ്യപ്രദേശിലെ ഇൻഡോർ എന്നിവിടങ്ങളിൽ നിന്നാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്ലൂവെയ്ൽ കെണിയിൽ നിന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്താനായത്. സോളാപൂരിൽ നിന്നുള്ള വ്യവസായിയുടെ മകനെയാണ് ആദ്യം കണ്ടെത്തിയത്. പുണെയിലേക്ക് തനിക്ക് ലഭിച്ച ടാസ്ക് പൂർത്തിയാക്കാൻ ബസിൽ പോകവേയാണ് വിദ്യാർഥിയെ കണ്ടെത്തുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായതായി കാട്ടി മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പിന്നീടാണ് ഈ കുട്ടി തന്റെ പിതാവിന്റെ ഫോണിൽ ബ്ലൂവെയ്ൽ കളിച്ചിരുന്നു എന്ന് കണ്ടെത്തിയത്. ഇത് പരിശോധിച്ചതിൽ നിന്നാണ് കുട്ടി പുണെയ്ക്ക് പോയതായി മനസിലാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. ഈ സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ബ്ലൂവെയ്ൽ കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയെ രക്ഷപ്പെടുത്തുന്നത്. ഇൻഡോറിലെ 13 വയസ്സുള്ള വിദ്യാർഥിയാണ് ഗെയിമിന് കീഴ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹപാഠികളുടെ സമയോചിത ഇടപെടൽ മൂലം വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായി. രാജേന്ദ്രനഗറിലെ ചമാലി ദേവി പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടാൻ ശ്രമിച്ചത്. സ്കൂളിന്റെ ബാൽക്കണിയ്ക്ക് മുകളിൽ കയറിയ വിദ്യാർഥിയെ സഹപാഠികളായ വിദ്യാർഥികൾ കൃത്യസമയത്ത് പിന്നിലേയ്ക്ക് പിടിച്ചുവലിച്ചതിനാൽ താഴേയ്ക്ക് വീഴാതെ ജീവൻ രക്ഷിക്കാനായതായി രാജേന്ദ്രനഗർ എഎസ്പി രൂപേഷ് കുമാർ ദ്വിവേദി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിദ്യാർഥികൾ അധ്യാപകരെ വിവരമറിയിക്കുകയും അധ്യാപകർ പോലീസിനെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിതാവിന്റെ മൊബൈൽ ഫോണിൽ ബ്ലൂവെയിൽ ഗെയിം കളിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളിലായി വിദ്യാർഥി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു. ഗെയിമിന്റെ അൻപതാം ഘട്ടം പൂർത്തീകരിക്കുന്നതിനായി ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് മറ്റു വിദ്യാർഥികളോട് പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. ബ്ലൂവെയിൽ ഗെയിമിന് കീഴ്പെട്ട് ഏതാനും ആഴ്ചകൾക്കു മുൻപ് മുംബൈയിൽ 14 വയസ്സുകാരൻ കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. മൻപ്രീത് സിങ്ങ് എന്ന വിദ്യാർഥിയാണ് കിഴക്കൻ അന്ധേരിയിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചത്. വിദ്യാർഥി ബ്ലൂവെയിൽ ഗെയിം കളിച്ചിരുന്നതായി വ്യക്തമായിരുന്നു. ബ്ലൂവെയിൽ ചലഞ്ചുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ആത്മഹത്യയായിരുന്നു മൻപ്രീതിന്റേത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഓൺലൈൻ ഗെയിമാണ് ബ്ലൂവെയിൽ ചലഞ്ച്. 50 ദിവസത്തിനുള്ളിൽ പൂർത്തിയാകുന്ന ഈ ഗെയിം പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭിക്കില്ല. ഓൺലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. നിശ്ചിത വെബ്സൈറ്റിൽ പോയാൽ ഗെയിം ഡൗൺലോഡ് ചെയ്യുന്നവരുമുണ്ട്. ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം തുടങ്ങുക. തീർത്തും ആവേശം നിറയ്ക്കുന്ന ഒരു ഗെയിം മാത്രമായി മുന്നിലെത്തുന്ന ഗെയിമിന്റെ ആദ്യ ഘട്ടങ്ങളിൽ മുറിയിൽ തനിച്ചിരുന്ന് ഹൊറർ സിനിമകൾ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്യണം. ഒടുവിൽ അമ്പതാം ദിവസം ഗെയിം അഡ്മിന്റെ നിയന്ത്രണത്തിലായ യുവാക്കളോട് ആത്മഹത്യ ചെയ്യാൻ നിർദ്ദേശം നൽകും. ഗെയിമിന് മാനസികമായി അടിപ്പെട്ടവർ അത് അനുസരിക്കാൻ തയ്യാറാവുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്. റഷ്യ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ 100ൽ അധികം കുട്ടികൾ ഗെയിമിന് അടിപ്പെട്ട് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com