Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
വേമ്പനാട്ട് കായലിനെ ആരു രക്ഷിക്കും...?

കൊച്ചി: വേമ്പനാട്ട് കായൽ മൗത്ത് ചുരുങ്ങുകയാണ്. അശാസ്ത്രീയമായ ഡ്രഡ്ജിങ് മൂലം വേമ്പനാട്ട് കായലോരം ചെളിയടിഞ്ഞ് നശിക്കുന്നു. കായൽ അറബിക്കടലിൽ േചരുന്ന തേവര മുതൽ വെണ്ടുരുത്തി വരെയുള്ള മൂന്നര കിലോമീറ്റർ ഭാഗത്താണ് ചെളിയടിഞ്ഞ് നികന്നു കൊണ്ടിരിക്കുന്നത്. തീരത്തോടു ചേർന്ന് ചെളിയടിഞ്ഞതിനാൽ മത്സ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി. വേമ്പനാട് കായലിന്റെ തേവര ഭാഗത്താണ് ചെളി കൂടുതലുള്ളത്. തേവര-ചമ്പക്കര കനാൽ ഡ്രഡ്ജ് ചെയ്യുമ്പോഴുള്ള ചെളിയും കപ്പൽശാല ഭാഗത്തെ ഡ്രഡ്ജിങ് ചെളിയുമെല്ലാം കായൽ വെള്ളത്തിൽ തന്നെ തള്ളുന്നതിനാൽ തീരമേഖല എക്കലടിഞ്ഞ് നികന്നുകൊണ്ടിരിക്കുകയാണ്. തേവരയിൽ നിന്ന് വെണ്ടുരുത്തി വരെയുള്ള കായലിന്റെ കിഴക്കുഭാഗത്താണ് ചെളിയടിഞ്ഞ് കൂടുതൽ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്. ഈ ഭാഗത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ജീവിക്കാനായി വിഷമിക്കുകയാണ്. പലരുടേയും വലകൾ ചെളിയടിഞ്ഞ് നശിച്ചു കഴിഞ്ഞു. കായലിലെ ആവാസ വ്യവസ്ഥയിൽ മാറ്റം വന്നതിനാൽ മത്സ്യ സമ്പത്തിലും വലിയ കുറവു വന്നുകൊണ്ടിരിക്കുകയാണ് അശാസ്ത്രീയമായ ഡ്രഡ്ജിങ് തുടർന്നാൽ ഈ ഭാഗത്ത് കായലിന്റെ മരണം ഉറപ്പാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ തന്നെ വള്ളം ഇറക്കാൻ കഴിയാതെ പലരും മത്സ്യമേഖല വിട്ടു. തേവര, വെണ്ടുരുത്തി ഭാഗത്താണ് മത്സ്യത്തൊഴിലാളികൾ വലിയ പ്രശ്നം നേരിടുന്നത്. തലമുറകളായി കായലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്നറിയാതെ നട്ടംതിരിയുകയാണ്. തേവര മുതൽ വെണ്ടുരുത്തി വരെയുള്ള കായലിന്റെ കിഴക്കുഭാഗമെങ്കിലും ഉടനെ ഡ്രഡ്ജിങ് നടത്തി ചെളി നീക്കണം. കായലോരത്ത് അടിയുന്ന എക്കലും മാലിന്യവും നീക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവണം. കായലോരത്തെ ചെളി പൂർണമായി നീക്കി വേലിയിറക്ക സമയത്തു പോലും വള്ളം ഇറക്കാൻ കഴിയുന്ന സാഹചര്യമുണ്ടാവണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കൊച്ചി തുറമുഖ അധികൃതരിൽ നിന്നുള്ള ഇടപെടലും അനിവാര്യമാണ്. മേടച്ചെമ്മീൻ എവിടെപ്പോയി... കൊച്ചി: മേടത്തിൽ വല നിറയെ നാരൻ ചെമ്മീൻ കിട്ടേണ്ടതാണ്. ഇപ്പോൾ നാരനെ കാണാനില്ലെന്ന് മത്സ്യത്തൊഴിലാളികൾ. കായലോരത്ത് ചെമ്മീൻകൂടുകൾ ഇപ്പോഴില്ല. അവിടെയെല്ലാം ചെളിയടിഞ്ഞു. ചെമ്മീനുകളുടെ പ്രജനനം നടക്കാത്തതിനാൽ മത്സ്യസമ്പത്ത് നന്നെ കുറഞ്ഞു. മുള്ളൻ, പൂളാൻ, നങ്ക്, ചെമ്പല്ലി, കണമ്പ് തുടങ്ങിയ വേമ്പനാട്ടു കായലിലെ തനത് മത്സ്യങ്ങളെല്ലാം എവിടെയോ പോയി. കടലിൽ നിന്ന് ഏറ്റസമയത്ത് കയറിവരുന്ന മത്സ്യങ്ങളല്ലാതെ കായലിലെ സ്വന്തം മീനുകൾ നന്നെ കുറഞ്ഞു. കായലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്നവർ ഉപജീവനത്തിനു വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. വേമ്പനാട്ടു കായൽ വീണ്ടെടുക്കുന്നതിനായി പ്രക്ഷോഭ പരിപാടികൾക്ക് നാട്ടുകാർ ഒരുങ്ങുകയാണ്. ജൂൺ നാലിന് വേമ്പനാട്ടു കായൽ സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങാനാണ് ആലോചന. സുധർമ സൂര്യോദയ സഭയാണ് പ്രശ്നം പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ഇനിയും അനങ്ങാതിരുന്നാൽ കായൽ ഇല്ലാതാവുമെന്ന തിരിച്ചറിവിൽ നിന്നാണ് ജനങ്ങൾ രംഗത്തിറങ്ങുന്നതെന്ന് സഭ സെക്രട്ടറി സി.എസ്. സുനിൽ മാതൃഭൂമിയോടു പറഞ്ഞു. കായലിനെ വീണ്ടെടുക്കാൻ ചെളി ഡ്രഡ്ജ് ചെയ്ത് നീക്കണം. ഇതിനുള്ള പണം കൊച്ചിൻ പോർട്ടിന്റേയും കൊച്ചി കപ്പൽശാലയുടേയും സാമൂഹ്യ സുരക്ഷാ ഫണ്ടിൽ നിന്ന് കണ്ടെത്തണം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com