വാഹന സൗകര്യമില്ല: സഹോദരന്റെ മൃതദേഹം സൈക്കിളില്‍ വെച്ച് കെട്ടി വീട്ടിലെത്തിച്ചു
ദിസ്പൂർ: ആംബുലൻസ് പോവാനുള്ള റോഡ് സൗകര്യമില്ലാത്തതിനാൽ യുവാവ് തന്റെ സഹോദരന്റെ മൃതദേഹം സൈക്കിളിൽ കെട്ടിയിട്ട് വീട്ടിലെത്തിച്ചു. അസമിലെ മജൂലിയിലാണ് സംഭവം. അസാം മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിന്റെ മണ്ഡലം കൂടിയായ മജൂലിയിൽ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ശ്വാസകോശ രോഗത്തെ തുടർന്ന് 18 കാരനായ ഡിംപിൾ ദാസിനെ സഹോദരൻ തിങ്കളാഴ്ചയായിരുന്നു എട്ട് കിലോമീറ്റർ അപ്പുറത്തുള്ള ഗരമൂർ സിവിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡിംപിളിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്കായില്ല. മൃതദേഹം കൊണ്ടുപോവാൻ ആംബുലൻസിന് കാത്തിരുന്നുവെങ്കിലും എത്താത്തതിനെ തുടർന്നാണ് തന്റെ സൈക്കിളിൽ തന്നെ മൃതദേഹം കെട്ടി എട്ട് കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് എത്തിച്ചത്. ആംബുലൻസ് വിളിക്കാൻ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി വീട്ടിലെത്തിച്ച ഒഡീഷ സ്വദേശിയുടെ വാർത്ത പുറത്ത് വന്ന് എട്ട് മാസത്തിന് ശേഷമാണ് സമാനമായൊരു മറ്റൊരു സംഭവം അസമിലുമുണ്ടായിരിക്കുന്നത്. ഡിംപിളിന്റെ ഗ്രാമത്തിലേക്ക് ഒരു മുളയുടെ പാലം കടന്ന് വേണം എത്തിച്ചേരാൻ. ഇവിടേക്ക് വാഹനം എത്തില്ലെന്ന് കണ്ടത് കൊണ്ടാണ് ഇയാൾ മൃതദേഹം സൈക്കിളിൽ കെട്ടിയിട്ട് കൊണ്ടുപോയതെന്നാണ് മജൂലി ഡെപ്യൂട്ടി കമ്മിഷണർ പറയുന്നത്. മൃതദേഹവുമായി പോവുന്ന വീഡിയോ ഒരു പ്രാദേശിക ചാനൽ പുറത്ത് വിട്ടതോടെ സംഭവം വൻ വിവാദമാവുകയും മുഖ്യമന്ത്രി സർബാന്ദ സോനവാൾ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.