Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
Malayalam News
തിരുവനന്തപുരം: സാങ്കേതികസർവകലാശാലയിൽ പരീക്ഷാഫലം മാസങ്ങൾ വൈകുന്നതും അശാസ്ത്രീയമായ 'ഇയർ ഔട്ട്' സംവിധാനവും വിദ്യാർഥികളെ വലയ്ക്കുന്നു. എല്ലാ വിഷയവും ജയിക്കാതെ അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാത്ത ഇയർ ഔട്ട് സംവിധാനം നിലനിൽക്കുന്നതിനാൽ പഠനം തുടരാനാകാത്ത സ്ഥിതിയിലാണ് സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാർഥികളിൽ പലരും. പരീക്ഷാഫലം വൈകുന്നതും ഇയർ ഔട്ടിന് കാരണമാകുന്നുണ്ട്. ഒരുവർഷം നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു. പ്രധാന പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം കൃത്യമായി പ്രസിദ്ധീകരിക്കാൻ സാങ്കേതികസർവകലാശാലയ്ക്ക് കഴിയുന്നില്ല. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഓൺലൈനിലൂടെയാണ്. ഇതിനുള്ള സോഫ്റ്റ്വേർ സ്വകാര്യ കമ്പനിയാണ് വികസിപ്പിച്ചത്. സ്വകാര്യ ഏജൻസിക്ക് തന്നെയാണ് നടത്തിപ്പുചുമതലയും. ഇതിലെ തകരാറാണ് ഫലപ്രഖ്യാപനം വൈകിക്കുന്നതെന്നാണ് പരാതി.ആദ്യം ഫലംവരുമ്പോൾ മെച്ചപ്പെട്ട മാർക്ക് കിട്ടേണ്ട വിഷയങ്ങൾക്ക് തോറ്റെന്ന് രേഖപ്പെടുത്തിയ സംഭവങ്ങളുണ്ടായി. പുനർമൂല്യനിർണയത്തിന് നൽകിയപ്പോൾ മെച്ചപ്പെട്ട മാർക്ക് പലർക്കും ലഭിച്ചു.പരീക്ഷാനടത്തിപ്പിൽനിന്ന് സ്വകാര്യ ഏജൻസിയെ മാറ്റണമെന്ന് വിദ്യാർഥികൾ ആദ്യംമുതൽ ആവശ്യപ്പെടുന്നുണ്ട്. മുൻവർഷം ഇതിന്റെപേരിൽ സമരവുമുണ്ടായി. സാങ്കേതികസർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിനുവേണ്ട സംവിധാനമോ ജീവനക്കാരോ ഇല്ല. മുൻസെമസ്റ്ററിലെ പേപ്പറുകളെല്ലാം പാസായാലേ അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കൂ. തോൽക്കുന്ന വിഷയങ്ങൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാം. കൃത്യസമയത്ത് പരീക്ഷ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫലപ്രഖ്യാപനം, താമസിയാതെ സപ്ലിമെന്ററി എന്നിങ്ങനെ കൃത്യമായ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇതിനനുസരിച്ച് ഫലം പ്രഖ്യാപിക്കാൻ കഴിയുന്നില്ല. സപ്ലിമെന്ററി പരീക്ഷയുടെ ഫലവും മാസങ്ങൾ വൈകുന്നു. സെമസ്റ്ററിലെ എല്ലാ വിഷയങ്ങളുടെയും ഫലം ഒരുമിച്ചല്ല പ്രസിദ്ധീകരിക്കുന്നത്. ഇതും ഫലപ്രഖ്യാപനം അപൂർണമാക്കുന്നു.നാലാം സെമസ്റ്റർവരെയുള്ള പേപ്പറുകൾ എഴുതി ജയിക്കാൻ ആറാം സെമസ്റ്റർവരെ അവസരം നൽകണമെന്നാണ് അധ്യാപകരുടെയും അഭിപ്രായം. കോഴ്സ് ഉപേക്ഷിച്ചുപോകുന്ന വിദ്യാർഥികൾ നാലുവർഷത്തെ ഫീസ് പിഴയായി നൽകണമെന്ന വ്യവസ്ഥയും നിലവിലുണ്ട്. പഠനം തുടരാനും അവസാനിപ്പിക്കാനും വയ്യാത്ത സ്ഥിതിയിലായവരുമുണ്ട്. പ്രശ്നങ്ങളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും കൃത്യമായ ഉത്തരം നൽകാൻ സർവകലാശാലാ അധികൃതർക്കാകുന്നില്ല. മുടങ്ങിയ ഫലം എപ്പോൾ പ്രഖ്യാപിക്കുമെന്നത് സംബന്ധിച്ചും അവ്യക്തതയാണ്.
ദിസ്പൂർ: ആംബുലൻസ് പോവാനുള്ള റോഡ് സൗകര്യമില്ലാത്തതിനാൽ യുവാവ് തന്റെ സഹോദരന്റെ മൃതദേഹം സൈക്കിളിൽ കെട്ടിയിട്ട് വീട്ടിലെത്തിച്ചു. അസമിലെ മജൂലിയിലാണ് സംഭവം. അസാം മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിന്റെ മണ്ഡലം കൂടിയായ മജൂലിയിൽ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ശ്വാസകോശ രോഗത്തെ തുടർന്ന് 18 കാരനായ ഡിംപിൾ ദാസിനെ സഹോദരൻ തിങ്കളാഴ്ചയായിരുന്നു എട്ട് കിലോമീറ്റർ അപ്പുറത്തുള്ള ഗരമൂർ സിവിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡിംപിളിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്കായില്ല. മൃതദേഹം കൊണ്ടുപോവാൻ ആംബുലൻസിന് കാത്തിരുന്നുവെങ്കിലും എത്താത്തതിനെ തുടർന്നാണ് തന്റെ സൈക്കിളിൽ തന്നെ മൃതദേഹം കെട്ടി എട്ട് കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് എത്തിച്ചത്. ആംബുലൻസ് വിളിക്കാൻ പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി വീട്ടിലെത്തിച്ച ഒഡീഷ സ്വദേശിയുടെ വാർത്ത പുറത്ത് വന്ന് എട്ട് മാസത്തിന് ശേഷമാണ് സമാനമായൊരു മറ്റൊരു സംഭവം അസമിലുമുണ്ടായിരിക്കുന്നത്. ഡിംപിളിന്റെ ഗ്രാമത്തിലേക്ക് ഒരു മുളയുടെ പാലം കടന്ന് വേണം എത്തിച്ചേരാൻ. ഇവിടേക്ക് വാഹനം എത്തില്ലെന്ന് കണ്ടത് കൊണ്ടാണ് ഇയാൾ മൃതദേഹം സൈക്കിളിൽ കെട്ടിയിട്ട് കൊണ്ടുപോയതെന്നാണ് മജൂലി ഡെപ്യൂട്ടി കമ്മിഷണർ പറയുന്നത്. മൃതദേഹവുമായി പോവുന്ന വീഡിയോ ഒരു പ്രാദേശിക ചാനൽ പുറത്ത് വിട്ടതോടെ സംഭവം വൻ വിവാദമാവുകയും മുഖ്യമന്ത്രി സർബാന്ദ സോനവാൾ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമാബാദ്: പാകിസ്താനിൽ തടവിലുള്ള മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻകുുൽഭൂഷൺ ജാദവിന്റെ മോചനത്തിന് സമ്മർദം ചെലുത്തുന്നതിനായി തങ്ങളുടെ മുൻ സൈനികോദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടുപോയെന്ന് പാകിസ്താന്റെ ആരോപണം. ലഫ്. കേണലായി വിരമിച്ച മുഹമ്മദ് ഹബീബിനെ ഇന്ത്യൻ ചാര സംഘടനായ റോ നേപ്പാളിൽ നിന്ന് തട്ടിക്കൊണ്ടുപോയി എന്നാണ് പാക് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. പേരുവെളിപ്പെടുത്താൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർ നടത്തിയ ആരോപണത്തിനോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജോലിയുടെ ഭാഗമായി കാഠ്മണ്ടു വിമാനത്താവളത്തിൽ എത്തിയ ഹബീബിനെ ഇന്ത്യക്കാരനാണ് ഹോട്ടലിൽ എത്തിച്ചതെന്നും പാക് ഉദ്യോഗസ്ഥർ പറയുന്നു. ഹബീബിനെ റോയുടെ നിർദ്ദേശപ്രകാരം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും അവർ വാദിക്കുന്നു. ബലൂചിസ്താനിൽ ചാരപ്രവർത്തനം നടത്തി എന്നാരോപിച്ചാണ് കുൽഭൂഷൺ യാദവിനെ പാകിസ്താൻ വധശിക്ഷയ്ക്ക് വിധിച്ചത്. കുൽഭൂഷണെ മോചിപ്പിക്കാനുള്ള സമ്മർദ്ദങ്ങൾ ചെലുത്തുന്നതിനായാണ് ഇന്ത്യ തങ്ങളുടെ പൗരനെ തട്ടിക്കൊണ്ടുപോയതെന്നാണ് പാക് ഉദ്യോഗസ്ഥർ പറയുന്നത്. കുൽഭൂഷൺ യാദവിന് പാകിസ്താനിൽ നടന്ന 1345 മരണങ്ങളിൽ പങ്കുണ്ടെന്നും അവർ അരോപിക്കുന്നു. കുൽഭൂഷൺ വിഷയത്തിൽ ഇന്ത്യാ- പാക് ബന്ധം മോശമായ അവസ്ഥയിലാണ്. പാകിസ്താൻ വധശിക്ഷ നടപ്പിലാക്കിയാൽ കരുതിക്കൂട്ടിയുള്ള കൊലപാതകമായി കണക്കാക്കുമെന്നാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ പാക്സ്താനിൽ എത്തിയെന്നതിന് വിശ്വസനീയമായ തെളിവില്ലെന്നും ഇറാനിൽ നിന്ന് ഇയാളെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യ പറയുന്നത്.
ന്യൂഡൽഹി: കശ്മീരിലേക്ക് നുഴഞ്ഞുകയറ്റം നടത്തുന്നതിനായി നിയന്ത്രണ രേഖയ്ക്ക് സമീപത്തേക്ക് നിരവധി ഭീകരരെ പാകിസ്താൻ എത്തിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അതിർത്തി രക്ഷാസേനയിൽ നിന്നും സൈനികോദ്യോഗസ്ഥരിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത്. നിയന്ത്രണരേഖയ്ക്കപ്പുറം നിരവധി ഭീകരർ ഉണ്ടെങ്കിലും പ്രത്യക്ഷത്തിൽ ഇവരുടെ നീക്കങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രവർത്തനം ഇന്ത്യ പെട്ടന്ന് തിരിച്ചറിയാതിരിക്കാനുള്ള തന്ത്രത്തിന്റ ഭാഗമായിട്ടാണ് നേരിട്ട് രംഗത്തിറങ്ങാതെ ഭീകരർ മറഞ്ഞുനിൽക്കുന്നത്. വിവരങ്ങളെ തുടർന്ന് നുഴഞ്ഞുകയറ്റം തടയാനുള്ള പ്രതിരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് ബിഎസ്എഫ്. ഏപ്രിൽ 10 ന് കുപ്വാര സെക്ടറിൽ നാല് ഭീകരരേയാണ് സൈന്യം നുഴഞ്ഞുകയറ്റത്തിനിടെ വെടിവെച്ചുകൊന്നത്. മുമ്പുനടന്നതിനേക്കാൾ മുന്ന് മടങ്ങ് വർധനവാണ് കഴിഞ്ഞ വർഷം നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ഉണ്ടായതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. 2016 ൽ 364 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നടന്നിട്ടുള്ളതെന്നും 2015 ൽ ഇത് 121 മാത്രമായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലത്തിന്റെ കണക്കുകൾ പറയുന്നു. 2016 ൽ 112 ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുള്ളത്. എന്നാൽ 150 പേരെ നുഴഞ്ഞുകറുന്നതിനിടെ സൈന്യം വകവരുത്തിയിട്ടുണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ വർഷം 82 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ 322 തവണ സംഭവിച്ചിട്ടുണ്ടുമുണ്ട്.
വാഷിംഗ്ടൺ: ഇന്ത്യൻ ഐടി കമ്പനികളെയും വിദഗ്ധരെയും സാരമായി ബാധിക്കുന്ന ബൈ അമേരിക്കൻ, ഹയർ അമേരിക്കൻ നയത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകി. അമേരിക്കൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാർക്ക് തൊഴിൽ ഉറപ്പ് വരുത്തുക തുങ്ങിയ ലക്ഷ്യങ്ങളുമായാണ് ബൈ അമേരിക്കൻ, ഹയർ അമേരിക്കൻ പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഇന്നലെ ഒപ്പുവെച്ചു. ഇന്ത്യൻ ഐ.ടി കമ്പനികൾക്കും തൊഴിലാളികൾക്കും ഇത് വൻ തിരിച്ചടിയാകും. എച്ച് 1 ബി വിസയെ പുതിയ നയം ബാധിക്കും. ഐടി കമ്പനികൾ സാധാരണ ഉപയോഗപ്പെടുത്താറുള്ള ഗസ്റ്റ് വർക്കർ സംവിധാനത്തെയാണ് ട്രംപ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇങ്ങനെ എത്തുന്നവർ സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിനും വേതന നിരക്ക് കുറയുന്നതിനും കാരണമാകുന്നുവെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാട്. അതേ സമയം പുതിയ നയം ഈ വർഷം ഇന്ത്യക്കാർക്ക് അനുവദിച്ച 85000 എച്ച് 1 ബി വിസകളെ ബാധിക്കില്ല, നിയമം പ്രാബല്യത്തിൽ വരുമ്പോഴേക്കും ഈ വിസകളുടെ നടപടിക്രമങ്ങൾ പൂർത്തിയാകും. എന്നാൽ വരും വർഷങ്ങളിൽ ഇന്ത്യൻ തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ പുതിയ നയം.
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ 13 ഇന്ത്യൻ ഐ.എസ് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്, എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് എൻഐഎ വ്യക്തമാക്കി. ആക്രമണത്തിൽ അഞ്ചിലേറെ മലയാളി ഐ.എസ്. ഭീകരർ കൊല്ലപ്പെട്ടതായി മുമ്പ് തന്നെ റിപ്പോർട്ടുണ്ടായിരുന്നു. അമേരിക്കൻ ആക്രമണം നടക്കുന്ന സമയത്ത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നാംഗർഹാറിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി എൻ.ഐ.എ. ഇന്റർപോളിന്റെ സഹായംതേടിയിട്ടുണ്ട്. കേരളത്തിൽ നിന്നും കാണാതായവർ ഉൾപ്പെടെ ചെന്നെത്തി എന്ന് കരുതപ്പെടുന്ന സ്ഥലമാണ് നംഗർഹാർ, എന്നാൽ ആക്രമണത്തിന് ശേഷം ഇവരെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല, ഇന്നലെയാണ് ഒരു അഫ്ഗാൻ വാർത്താ ഏജൻസി ആക്രമണത്തിൽ ഐഎസിൽ ചേരാൻ പോയ 13 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. മേഖലയിലെ ഐഎസ് കമാൻഡർമാരായിരുന്ന മുഹമ്മദ്. അല്ലാ ഗുപ്ത എന്നിവർ ഇന്ത്യക്കാരായിരുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു-43 ബി ഉപയോഗിച്ച് അഫ്ഗാനിലെ നംഗർഹാർ മേഖലയിലെ ഐഎസ് ക്യാമ്പിൽ അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തിൽ 90 ലേറെ ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ സ്ഥിരീകരിച്ചിരുന്നു.
ന്യൂഡൽഹ: ദാരിദ്ര്യ നിർമാർജനത്തിനായി ധനസഹായ പദ്ധതി കേന്ദ്ര സർക്കാർ ഉടനെ നടപ്പാക്കും. ഒരുകുടുംബത്തിന് പരമാവധി ഒരുലക്ഷം രൂപയാണ് അനുവദിക്കുക. ഈടൊന്നും കൂടാതെ കുറഞ്ഞ പലിശയിൽ സബ്സിഡി നിരക്കിലാണ് ലോൺ അനുവദിക്കുക. വായ്പ നൽകുന്നതിനായി പ്രതിവർഷം 60,000 കോടി രൂപയാണ് നീക്കിവെയ്ക്കുക. കനത്ത പലിശ ഈടാക്കുന്ന വട്ടിപ്പലിശക്കാർ, മൈക്രോ ഫിനാൻസ് കമ്പനികൾ എന്നിവരിൽനിന്ന് ഗ്രാമീണ ജനതയെ രക്ഷിക്കുകയാണ് ലക്ഷ്യം. 8.5 കോടി പാവപെട്ട കുടുംബങ്ങളാണ് രാജ്യത്തുള്ളതെന്ന് സോഷ്യ ഇക്കണോമിക് ആന്റ് കാസ്റ്റ് സെൻസസിൽ വ്യക്തമായിരുന്നു.
തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകൾ ഭൂരിഭാഗവും പൂട്ടിയതോടെ നിനിലനിൽപ്പ് പ്രതിസന്ധിയിലെന്ന് ബിവറേജസ് കോർപ്പറേഷൻ. 20 ദിവസം കൊണ്ട് 200 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കോർപ്പറേഷൻ പറയുന്നു. മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിലെ പഞ്ചായത്ത് തല പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോ എം ഡി സർക്കാരിന് വീണ്ടും കത്ത് നൽകി. സുപ്രീംകോടതി വിധിയെ തുടർന്ന് പാതയോരത്തെ മദ്യശാലകൾ പൂട്ടുന്നതിലൂടെ 5000 കോടിരൂപയുടെ നഷ്ടം സഹിക്കേണ്ടിവരുമെന്ന് ബെവ്കോ നേരത്തെ തന്നെ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം നടപ്പാക്കിയ ശേഷമുള്ള വരുമാന നഷ്ടം ബെവ്കോ കണക്കാക്കിയത്. ദിനം പ്രതി 8 മുതൽ 10 കോടി രൂപയുടെ വരെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 20 ദിവസത്തെ കണക്കെടുത്താൽ 200 കോടി രൂപയുടെ വരെ വരുമാന നഷ്ടമുണ്ടെന്നും ബെവ്കോ വ്യക്തമാക്കുന്നു. ദേശീയ പാതയോരത്ത് നിന്ന് മാറ്റി സ്ഥാപിച്ച 120 ബെവ്കോ ഔട്ട് ലെറ്റുകളിൽ 40 എണ്ണത്തിന്റെ പ്രവർത്തനം പഞ്ചായത്ത് തലത്തിലുള്ള എതിർപ്പ് കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതും ബെവ്കോയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി അറിയിച്ച് ബെവ്കോ എം ഡി നികുതി വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. പ്രതിസന്ധി പരിഹരിക്കാൻ എത്രിയും വേഗം നടപടി എടുക്കണമെന്നും മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതിലുള്ള തടസങ്ങൾ മാറ്റണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
മാഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിച്ചു. ശക്തരായ ബറയൺ മ്യൂണികിനെ ഇരു പാദങ്ങളിലായി 6-3ന് മലർത്തിയടിച്ചാണ് റയൽ സെമി പ്രവേശം നേടിയത്. ഇരു പാദങ്ങളിലായി 2-1ന് ലെസ്റ്ററിനെ വീഴത്തിയാണ് അത്ലറ്റികോ സെമിയിലെത്തിയത്. ആദ്യ പാദത്തിലെ വിജയവും എവേ ഗോളിന്റെ മുൻതൂക്കവുമായി സ്വന്തം തട്ടകത്ത് ഇറങ്ങിയ റയൽ രണ്ടാം പാദത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾ ബയറൺ പോസ്റ്റിൽ അടിച്ചു കയറ്റി. സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ ഹാട്രിക് ഗോളിന്റെ മികവിലാണ് റയലിന്റെ വിജയം. ചാമ്പ്യൻസ് ലീഗിൽ നൂറു ഗോളുകൾ നേടുന്ന ആദ്യതാരവുമായി മാറി ഇതോടെ ക്രിസ്റ്റ്യാനോ. 76,105,109 എന്നീ മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. ലെവൻഡോസ്കിയും റാമോസ് നേടിയ ഒരു സെൽഫ് ഗോളുമാണ് ബയറൺ ഗോൾപ്പട്ടിക രണ്ടിലെത്തിച്ചത്. രണ്ടു മഞ്ഞ കാർഡ് നേടി വിദാലിന് 85-ാം മിനിറ്റിൽ കളം വിടേണ്ടി വന്നതിനെ തുടർന്ന് ശേഷിച്ച സമയം പത്തു പേരുമായാണ് ബയറൺ പന്ത്തട്ടിയത്. ഇംഗ്ലീഷ് ചാമ്പ്യൻമാരായ ലെസ്റ്ററിനെതിരെ ആദ്യപാദത്തിൽ നേടിയ ഒരു ഗോൾ മുൻ തൂക്കമാണ് അത്ലറ്റികോയെ സെമിയിൽ കടത്തിയത്. ലെസ്റ്ററിന്റെ മൈതാനത്ത് നടന്ന രണ്ടാം പാദത്തിൽ സമനില (1-1) പിടിക്കുകയും ചെയ്തു. അത്ലറ്റികോയ്ക്കായി 26-ാം മിനിറ്റിൽ സൗൾ നിഗോസും ലെസ്റ്ററിനായി 61-ാം മിനിറ്റിൽ ജാമി വാർഡിയുമാണ് ഗോളുകൾ നേടിയത്.
ബാഴ്സലോണ: ന്യൂകാമ്പിൽ ഒരിക്കൽകൂടി ബാഴ്സ ആരാധകർ അദ്ഭുതം പ്രതീക്ഷിക്കുന്നു. ടൂറിനിലെ പുൽമൈതാനത്ത് യുവന്റസിനോട് തകർന്നടിഞ്ഞ ബാഴ്സലോണയ്ക്ക് ക്വാർട്ടർ ഫൈനലിന്റെ രണ്ടാംപാദത്തിൽ 3-0 ത്തിന്റെ കടംവീട്ടി സെമിഫൈനലിലേക്ക് കടന്നുകയറാൻ വെറും ജയംമാത്രം പോര. പ്രീക്വാർട്ടറിൽ പി.എസ്.ജി.യെ മറികടന്നതിന് സമാനമായ അദ്ഭുതരാത്രിയാണ് കറ്റാലൻപട മോഹിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ ക്വാർട്ടർഫൈനലിൽ ബാഴ്സലോണ ബുധനാഴ്ച രാത്രി സ്വന്തം തട്ടകത്തിൽ ഇറ്റാലിയൻ കരുത്തരുമായി കൊമ്പുകോർക്കും. മറ്റൊരുമത്സരത്തിൽ മൊണാക്കോ ബൊറൂസ്സിയ ഡോർട്മുൺഡുമായി കളിക്കും. ബാഴ്സ - യുവന്റസ് പി.എസ്.ജി.യുടേതുപോലുള്ള പ്രതിരോധമല്ല യുവന്റസിന്റേത്. കാലങ്ങളായി പൊരുതി ഉറച്ചുപോയ കോട്ടയാണത്. ജോർജിയോ കില്ലിനി, ലിയനാർഡോ ബനൂച്ചി, ഡാനി അൽവ്സ്, അലക്സ് സാൻഡ്രോ എന്നിവരുയർത്തുന്ന യുവന്റസ് പ്രതിരോധഭിത്തി തുളയ്ക്കാൻ മെസ്സി-സുവാരസ്-നെയ്മർ ത്രയത്തിന് കഴിഞ്ഞാൽ ബാഴ്സയ്ക്കു മുന്നോട്ടുപോകാം. അല്ലെങ്കിൽ കറ്റാലൻപടയ്ക്ക് ക്വാർട്ടറോടെ മടങ്ങാം. ആദ്യപാദത്തിലെ ജയം (3-0) യുവന്റസിന് ആത്മവിശ്വാസം പകരും. എന്നാൽ പ്രീക്വാർട്ടറിൽ 4-0 ത്തിന് ആദ്യപാദത്തിൽ പി.എസ്.ജി.യോട് തോറ്റശേഷം അദ്ഭുത പ്രകടനത്തോടെ രണ്ടാംപാദത്തിൽ 6-1 ന് ജയിച്ച് വിസ്മയംസൃഷ്ടിച്ച ചരിത്രം ബാഴ്സയ്ക്ക് കരുത്തേകും. ഫുട്ബോൾചരിത്രത്തിലെതന്നെ വലിയ തിരിച്ചുവരവുകളിലൊന്ന്. പ്രതിരോധത്തിലെ പഴുതടയ്ക്കാനാകും ബാഴ്സ പരിശീലകൻ ലൂയി ഹെന്റീക്കെയുടെ ശ്രമം. പരിക്കുകാരണം ഹാവിയർ മഷെറാനോ കളിക്കാൻ സാധ്യതയില്ല. സെൻട്രൽ ഡിഫൻസിൽ ജെറാർഡ് പീക്വയ്ക്കൊപ്പം സാമുവൽ ഉംറ്റിറ്റി വന്നേക്കും. ജോർഡി അൽബയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ആദ്യപാദത്തിൽ പ്രതിരോധപ്പിഴവുകളാണ് ടീമിനെ തകർത്തത്. മറുവശത്ത് ഇരട്ടഗോൾ നേടിയ പൗലോ ഡൈബാലയ്ക്ക് പരിക്കുള്ളത് യുവന്റസിന് ആശങ്കയുയർത്തുന്നുണ്ട്. ഹിഗ്വയ്ൻ-മാൻസൂക്കിച്ച്-ഡൈബല ത്രയമാണ് ടീമിന്റെ ശക്തി. മൊണാക്കോ- ബൊറൂസ്സിയ ഡോർട്മുൺഡിൽ 3-2 ന് ജയിച്ചത് ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയ്ക്ക് സെമിയിലേക്കുള്ള വഴി എളുപ്പമാക്കിയിട്ടുണ്ട്. ജയത്തിന് പുറമെ മൂന്ന് എവേ ഗോളിന്റെ ആനുകൂല്യവുമാണ് ടീമിന് ലഭിച്ചത്. ഇത് മറികടക്കാൻ ജർമൻ ക്ലബ്ബ് കഠിനാധ്വാനം ചെയ്യേണ്ടിവരും. ഡോർട്മുൺഡിൽ ടീം സഞ്ചരിച്ച ബസ് സ്ഫോടനത്തിൽ തകർന്നതിന്റെ ആഘാതത്തിലാണ് ബൊറൂസ്സിയ കളിക്കാനിറങ്ങിയത്. എംബാപയുടെ ഇരട്ടഗോളുകളും സ്വാൻ ബെൻഡറുടെ സെൽഫ് ഗോളുമാണ് മൊണാക്കോയ്ക്ക് ജയം സമ്മാനിച്ചത്. ഒസുമാനെ ഡെംബാലയും ഷിൻജി കഗാവയുമാണ് ബൊറൂസിയക്കായി ഗോൾനേടിയത്. ഫ്രഞ്ച് ലീഗിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന മൊണാക്കോയെ മറികടക്കാൻ സ്വന്തം തട്ടകത്തിൽ അവസാന ആയുധം വരെ ജർമൻ ക്ലബ്ബിന് പ്രയോഗിക്കേണ്ടി വരും.
ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ആറു സ്ഥലങ്ങൾക്ക് ചൈന സ്വന്തം പേരുകൾ നൽകി. ചൈനിസ് അക്ഷരങ്ങൾ, റോമൻ, ടിബറ്റൻ അക്കങ്ങൾ എന്നിവ ഉപയോഗിച്ചാണ് പുതിയ നാമകരണം. അരുണാചാൽ പ്രദേശിൽ തങ്ങൾക്കുള്ള പരമാധികാരം ഇന്ത്യയെ ബോധ്യപ്പെടുത്താനാണ് പുതിയ നടപടിയെന്നാണ് ചൈനീസ് വാദം. അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നും ഇന്ത്യ അന്യായമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ചൈന വാദിക്കുന്നത്. Wogyainling, Mila Ri, Qoidêngarbo Ri, Mainquka,Bümo La and Namkapub Ri. തുടങ്ങിയവയാണ് പുതിയ പേരുകൾ. ഏപ്രിൽ 14 നാണ് പ്രദേശങ്ങൾക്ക് പുതിയ പേരുകൾ ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയം നൽകിയത്. ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസാണ് വിവരങ്ങൾ പുറത്തുവിട്ടത്. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുടെ സന്ദർശനത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനമെന്നത് ശ്രദ്ധേയമാണ്. ദലൈലാമ അരുണാചൽപ്രദേശ് സന്ദർശിച്ചതിന് പിന്നാലെ ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന രംഗത്ത് വന്നിരുന്നു. അതേസമയം പണ്ടുമുതലേ ഈ പേരുകൾ നിലവിലുണ്ടായിരുന്നതാണെന്നും ഇതുവരെ ഏകീകരിക്കപ്പെടാതിരുന്നതാണെന്നും ചൈനീസ് വിദഗ്ദർ പറയുന്നു.
ദിനകരൻ എം.എൽ.എമാരുടെ യോഗം വിളിച്ചു എം.എൽ.എമാർ തനിക്കൊപ്പമെന്ന് ദിനകരൻ ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷനെ പണംനൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ശശികലയുടെ അനന്തരവൻ ടി.ടി.വി ദിനകരനെതിരെ ഡൽഹി പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ശശികലയെയും ദിനകരനെയും എ.ഐ.എ.ഡി.എം.കെയിൽനിന്ന് പുറത്താക്കി പാർട്ടിയിൽ ഐക്യം പുനസ്ഥാപിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഡൽഹി പോലീസിന്റെ നീക്കം. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുന്നതിന് പിന്നാലെ ദിനകരൻ രക്ഷപെടാൻ ശ്രമിച്ചേക്കുമെന്ന സൂചനയെ തുടർന്നാണിത്. അതിനിടെ ദിനകരൻ പാർട്ടി എം.എൽ.എമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് മൂന്നിന് റോയപേട്ടയിലെ പാർട്ടി ആസ്ഥാനത്താണ് യോഗം. പാർട്ടി എം.എൽ.എമാർ തനിക്കൊപ്പമുണ്ടെന്നാണ് ദിനകരൻ അവകാശപ്പെടുന്നത്. ഇടനിലക്കാരൻ സുകാഷ് ചന്ദ്രശേഖറിനെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിനകരനെ ഉടൻ അറസ്റ്റ് ചെയ്യുകയോ ചൊദ്യം ചെയ്യലിന് വിളിക്കുകയൊ ചെയ്യുമെന്നാണ് ഡൽഹി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറും ദിനകരനും തമ്മിലുള്ള ബന്ധം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഹവാല സംഘങ്ങളെപ്പറ്റി അന്വേഷണം നടത്താൻ സുകാഷ് ചന്ദ്രശേഖറിനെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്. എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നം ശശികല വിഭാഗത്തിന് ലഭിക്കാൻ സുകേഷ് വഴി ദിനകരൻ തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇതിനായി 50 കോടിയുടെ കരാർ സുകേഷും ദിനകരനും തമ്മിൽ ഉറപ്പിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
തിരുവനന്തപുരം: മദ്യപാനികൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ? യാചകരോ സൊമാലിയയിലെ പട്ടിണിപ്പാവങ്ങളോ ആണോ ഞങ്ങൾ? പൊരിവെയിലത്ത് മണിക്കൂറുകൾ ക്യൂ നിൽക്കുന്നത് നിങ്ങൾക്കൊക്കെ ശമ്പളവും പെൻഷനും തരാൻ കൂടിയാണ് ഹേ.. മദ്യപരുടെ ആത്മരോഷം അണ പൊട്ടുകയാണ്. ഇനിയുമീ മനുഷ്യത്വമില്ലായ്മ തുടർന്നാൽ ചോദ്യം ചെയ്യാനാണ് തീരുമാനം. വ്യാഴാഴ്ച കണ്ണൂർ പയ്യന്നൂരിൽ ചേരുന്ന വിശദീകരണ യോഗത്തിൽ ഭരണകൂടവും നീതിപീഠവും പൊതുസമൂഹവും പുലർത്തുന്ന മനുഷ്യത്വരഹിത നിലപാടുകൾ മദ്യഉപഭോക്തൃ സംരക്ഷണ സമിതി(എം.യു.എസ്.എസ്) തുറന്നുകാട്ടും. കേരളത്തിലെ ജനസംഖ്യയുടെ നിർണ്ണായക ശതമാനം മദ്യ ഉപയോക്താക്കളാണെന്ന് സമിതി കൺവീനർ ദാമോദരൻ പറയുന്നു. 80 ലക്ഷത്തിലധികം വരുന്ന ഈ വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെ കരിഞ്ചന്ത വിൽപ്പന നടത്തുകയാണ് സർക്കാർ. നല്ല മദ്യം ലഭ്യമാക്കുന്നില്ല. പേരിൽ മാത്രമാണ് ഇവിടെ വിദേശമദ്യം. നാടൻ ഡിസ്റ്റിലറികളിൽ നിർമ്മിച്ച് ബിവറേജസ് കോർപ്പറേഷന് നൽകുമ്പോൾ ഇവയുടെ ഗുണനിലവാര പരിശോധന വേണ്ടുംവിധം നടത്താറില്ല. നല്ല മദ്യം ഉപയോക്താവിന്റെ അവകാശമാണ്. ലോകത്തില്ലാത്ത നികുതിയാണ് ഈടാക്കുന്നത്. 145 ശതമാനം വരെ നികുതിയുള്ള ഈ വിൽപ്പന കരിഞ്ചന്ത തന്നെ. അതായത് 80 രൂപ അടിസ്ഥാനവിലയുള്ളത് വിൽക്കുന്നത് 300ലധികം രൂപയ്ക്ക്. ഇതൊന്നും കൂടാതെ യാചകരോ സൊമാലിയയിലെ പട്ടിണിപ്പാവങ്ങളോ ഭക്ഷണത്തിന് ക്യൂ നിൽക്കുന്ന പോലെ പൊരിവെയിലത്ത് മൂന്നും നാലും മണിക്കൂർ ക്യൂ നിൽക്കുകയും വേണം. ഇത് ക്രൂരതയാണ്. ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും നൽകുന്നത് ഇവർ വഴിയായിട്ടും യാതൊരു മാനുഷിക പരിഗണനയുമില്ലാതെയാണ് സർക്കാരിന്റെ പെരുമാറ്റമെന്നും ദാമോദരൻ പറയുന്നു. മദ്യനിരോധനം ലോകത്തെങ്ങും നടന്നിട്ടില്ലാത്ത അപ്രായോഗിക ആശയമാണ്. മദ്യവർജ്ജനം പിന്നെയും നടപ്പാക്കാനായേക്കും. പാതയോരത്ത് മദ്യവിൽപ്പന നനിരോധിച്ച കോടതി വിധി അസംബന്ധമാണ്. മദ്യപിക്കുന്നവർക്ക് യഥേഷ്ടം സൗകര്യമൊരുക്കുകയാണ് തങ്ങളുടെ മുഖ്യആവശ്യമെന്നും ഇതിനായി നിരവധി നിവേദനങ്ങൾ കൊടുത്തുകഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. നിവേദനത്തിലെ ആവശ്യങ്ങളിങ്ങനെ: എല്ലാ ഷോപ്പിങ് മാളുകളിലെയും രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയിൽ ഔട്ട്ലെറ്റ് തുറക്കുക, വിതരണം സുതാര്യമാക്കുക, ഔട്ട്ലെറ്റിലെ കൗണ്ടറുകളുടെ എണ്ണം കൂട്ടുക, കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കുക, പ്രധാനപാതകളിൽ കഴിയില്ലെങ്കിൽ കഴിയുന്നിടത്ത് ഔട്ട്ലെറ്റുകൾ തുറക്കുക. ഈ ആവശ്യങ്ങൾ പൊതുജനത്തെയും സമൂഹത്തെയും ബോദ്ധ്യപ്പെടുത്താനാണ് കണ്ണൂർ പയ്യന്നൂർ ഷേണായീസ് സ്ക്വയറിൽ വ്യാഴാഴ്ച വൈകിട്ട് നാലിന് യോഗം ചേരുന്നത്. സാംസ്കാരിക പ്രവർത്തകർ ഭാഗമാകുമെന്നാണ് സമിതി പറയുന്നത്.
ന്യൂഡൽഹി: ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം പിടിച്ചിട്ടു. 300 യാത്രക്കാരുമായി പറന്നുയരാൻ തയ്യാറെടുക്കുമ്പോഴാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. ഇതേതുടർന്ന് വൻ അപകടമാണ് വഴിമാറിയത്. എയർ ഇന്ത്യയുടെ ബോയിങ് 777-300 ഇ ആർ വിഭാഗത്തിൽ വരുന്ന എ.ഐ 101 വിമാനമാണ് ഇത്. വിമാന എഞ്ചിനുമായി ബന്ധപ്പെട്ടുള്ള ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാർ കണ്ടെത്തിയത്. തുടർന്ന് വിമാനത്തിന്റെ യാത്ര വൈകിട്ട് അഞ്ചുമണിയിലേക്ക് മാറ്റിവെച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. യാത്ര മാറ്റിവെച്ചതിനെ തുടർന്ന് യാത്രക്കാരെ ഹോട്ടലിൽ പാർപ്പിച്ചിരിക്കകയാണ്. തകരാർ കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു വിമാനം ഉപയോഗിക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് സാധിക്കാതിരുന്നതിനെ തുടർന്ന് തകരാർ പരിഹരിച്ച് യാത്ര നടത്താൻ തീരുമാനിക്കുകയായിരുന്നു.
വാഷിങ്ടൺ: 2000 അടി നീളമുള്ള ക്ഷുദ്രഗ്രഹം ഇന്ന് ഭൂമിയ്ക്ക് സമീപത്തു കൂടി കടന്നുപോകും. 2014ജെ.ഒ.25 എന്നു പേരുള്ള ക്ഷുദ്രഗ്രഹമാണിത്. ഭൂമിക്ക് 18 ലക്ഷം കിലോമീറ്റർ അടുത്തുകൂടെയാവും ഇത് കടന്നുപോവുകയെന്ന് യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ക്ഷുദ്രഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തുകൂടിയാകും കടന്ന പോകുക എങ്കിലും ഒരു കൂട്ടിയിടിയും ഉണ്ടാകില്ലെന്ന് നാസ ശാസ്ത്രജ്ഞർ അറിയിച്ചു. ഭൂമിക്കടുത്ത് കൂടി കടന്ന് പോയ ശേഷം ഇത് സൂര്യനെ വലയം ചെയ്യും. ചെറിയ ക്ഷുദ്രഗ്രഹങ്ങൾ ആഴ്ചയിൽ പലവട്ടം ഈ അകലത്തിലൂടെ കടന്നുപോകാറുണ്ട്. എന്നാൽ, ഇത്രവലിയ ക്ഷുദ്രഗ്രഹം കടന്നുപോവുന്നത് അപൂർവമാണെന്ന് നാസ പറഞ്ഞു. ഇത്രയും വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഇനി 2027-ലേ ഭൂമിയോട് അടുത്തെത്തൂ. 1999എ.എൻ.10 ആണത്. 400 വർഷം മുമ്പാണ് ഭൂമിയുടെ അയൽക്കാരായി 2014ജെ.ഒ.25 ആദ്യം എത്തിയത്. ഇന്ന് കടന്ന് പോയാൽ പിന്നെ 2600 ൽ വീണ്ടും എത്തുമെന്നാണ് പറയുന്നത്. വിശിഷ്ടമായ ഒരു അവസരം എന്നാണ് നാസയിലെ ശാസ്ത്രജ്ഞർ ഇന്നത്തെ ദിവസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്ത് പലയിടങ്ങളിലായി ദൂരദർശനികൾ വഴി ഇതിനെ കുറിച്ച് പഠിക്കുന്നതിന് ആസൂത്രണം ചെയ്തിട്ടുണ്ട്. സഞ്ചാരപഥത്തിലെ വലിപ്പം താരതമ്യം ചെയ്യമ്പോഴും ചന്ദ്രനേക്കാൾ ഇരട്ടി തിളക്കം കാണുമ്പോഴും ഇതിനെ തിരിച്ചറിയാകുമെന്ന് നാസ പറഞ്ഞു. ചെറിയ ഒപ്റ്റിക്കൽ ദൂരദർശനിയിലൂടെ ഒന്നോ രണ്ടോ രാത്രികളിൽ ഇതിനെ കാണാൻ സാധിക്കുമെന്നും നാസ അറിയിച്ചു.
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയോടെ കേരള ഹൗസിലെത്തിയ കെജ്രിവാൾ അരമണിക്കൂർ നേരം പിണറായിയുമായി ചർച്ച നടത്തി. ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ സഖ്യത്തിന് നീതിഷ് കുമാർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നതിനിടെയാണ് പിണറായി വിജയൻ കെജ്രിവാളുമായി ചർച്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ബി.ജെ.പിയെ തടുക്കാൻ കോൺഗ്രസുമായി യോജിച്ച് പോവാൻ കഴിയില്ലെന്ന് ചർച്ചയ്ക്ക് ശേഷം പിണറായി വിജയൻ പറഞ്ഞു. എന്നാൽ മറ്റു പാർട്ടികളുമായി യോജിച്ച് പോവുന്നത് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അരവി ന്ദ് കെജ്രിവാൾ പറഞ്ഞു. കേന്ദ്രത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് ചിലരുടെ ശ്രമം. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച പുതിയ തുടക്കമായി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മുഖ്യന്ത്രിയായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് കേരള ഹൗസിൽ നടന്നത്. ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ ഒരു വിശാല സഖ്യം ഉയർന്ന് വരേണ്ടത് പുതിയ സാഹചര്യത്തിൽ അത്യാവശ്യമാണെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു. ഇക്കാര്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണതേടുകയെന്നതും താൻ ഉയർത്തിയ വോട്ടിംഗ് മെഷീൻ അടക്കമുള്ള കാര്യങ്ങളിൽ പിന്തുണ തേടുകയെന്നതുമാണ് ചർച്ചയുടെ പ്രധാന ലക്ഷ്യമായി വിലയിരുത്തുന്നത്. ഫോട്ടോ: സാബു സ്കറിയ
ചെന്നൈ: ഗോകുലം ചിറ്റ് ഫണ്ടിന്റെ കേരള, തമിഴ്നാട്, കർണാടക ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന. സ്ഥാപനങ്ങളിൽ നികുതിവെട്ടിപ്പ് നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ബുധനാഴ്ച രാവിലയോടെ അധികൃതർ പരിശോധന നടത്തിയത്. തമിഴ്നാട്ടിലെ 43 സ്ഥലങ്ങളിലും, കർണാടകയിലെ 29 സ്ഥലങ്ങളിലും കേരളത്തിലെ ആറു സ്ഥലങ്ങളിലുമുള്ള ഓഫീസുകളിലാണ് ഒരേ സമയം പരിശോധന നടന്നത്. തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻ തോതിൽ കള്ളപ്പണം ഒഴുകുമെന്ന വിവരം ലഭിച്ചതിനാൽ ശക്തമായ പരിശോധനയാണ് ആദായ നികുതി അധികൃതർ സംസ്ഥാനത്ത് നടത്തിയിരുന്നത്.
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകന് നുണപരിശോധന നടത്താൻ പോലീസ് തയ്യാറാവുന്നു. പ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനാണ് നുണ പരിശോധന നടത്തുന്നത്. നടി അക്രമിക്കപ്പെട്ട ദിവസം രാത്രി പ്രതികൾ നേരിട്ടെത്തി മൊബൈൽ ഫോണും, പാസ്പോർട്ടും മറ്റ് രേഖകളും ഏൽപിച്ചെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. അതിന് പുറമെ ഈ അഭിഭാഷകൻ മുഖേനയായിരുന്നു പൾസർ സുനി പിടിയിലാവുന്നതിന് മുമ്പ് ഹൈക്കോടതിയിലേക്കുള്ള ജാമ്യാപേക്ഷയും നൽകിയത്. അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ വീട്ടിലും മറ്റും പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പോലീസിന്റെ ചോദ്യം ചെയ്യലിനോട് ഇയാൾ പൂർണമായും സഹകരിച്ചിട്ടുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് പോലീസ് ശ്രമിക്കുന്നത്. എന്നാൽ പോലീസിന്റെ നീക്കത്തെ മറ്റ് അഭിഭാഷകർ എതിർക്കുന്നുണ്ട്. മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസ് ഊർജ്ജിത ശ്രമം നടത്തുന്നുണ്ടെങ്കിലും പൾസർ സുനി പലപ്പോഴും മൊഴിമാറ്റി പറയുകയായിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുകയും ചെയ്തിരുന്നു. ഫോൺ കായലിൽ കളഞ്ഞുവെന്നും, ഓടയിൽ കളഞ്ഞുവെന്നുമെല്ലാം പൾസർ സുനി മൊഴി നൽകിയിരുന്നുവെങ്കിലും തിരച്ചിൽ നടത്തിയപ്പോൾ ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് അഭിഭാഷകനോട് പറഞ്ഞ കാര്യങ്ങൾ അറിയാൻ പോലീസ് നുണ പരിശോധനയ്ക്ക് ഒരുങ്ങുന്നത്.
ചെന്നൈ: എഐഎഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ വിളിച്ച് ചേർത്ത എംഎൽഎമാരുടെ യോഗം റദ്ദാക്കി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വിളിച്ച യോഗമാണ് റദ്ദാക്കിയത്. മൂന്നു മണിക്ക് കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് യോഗം റദ്ദാക്കിയതെന്നാണ് സൂചന. അതേസമയം തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്നും പാർട്ടിയേയും സർക്കാരിനേയും സംരക്ഷിക്കാൻ ഉചിതമായ തീരുമാനം എടുക്കാൻ അറിയാമെന്നും ദിനകരൻ പറഞ്ഞു. ഭയം മൂലമാണ് എംഎൽഎമാർ തനിക്കെതിരെ കലാപമുണ്ടാക്കുന്നതെന്നും ആരോ അവരെ ഭയപ്പെടുത്തുന്നുണ്ടെന്നും ദിനകരൻ ആരോപിച്ചു. ശശികലയാണ് എന്നെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയത്.രാജിവെക്കണമെങ്കിൽ അവരുടെ അനുവാദം വേണം. പാർട്ടി ശക്തിപ്പെടുമെങ്കിൽ ലയനത്തോട് എതിർപ്പില്ല-ദിനകരൻ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികല, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ എന്നിവരുൾപ്പെടെയുള്ള മണ്ണാർകുടിസംഘത്തെ ഒഴിവാക്കി പാർട്ടിയിൽ ഐക്യം പുനഃസ്ഥാപിക്കാൻ ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചിരുന്നു.
ബാബറി മസ്ജിദ് കേസിലെ നിർണായക സുപ്രീം കോടതിവിധി മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരുടെ രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും. അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതീക്ഷകൾക്ക് സുപ്രീം കോടതി വിധി മങ്ങലേൽപ്പിക്കും. ഉമാ ഭാരതിക്ക് കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരുന്നതിനും ബുദ്ധിമുട്ടേണ്ടിവരും. രാജിവെക്കേണ്ടിവന്നാൽ ഉമാ ഭാരതിക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത് ഇത് രണ്ടാം തവണയാകും. ഹൂബ്ലി കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് വാറണ്ട് വന്നതിനെത്തുടർന്ന് 2004 ൽ ഉമാ ഭാരതിക്ക് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. രാജിവച്ചശേഷം മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്താൻ ഉമാ ഭാരതി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേത്തുടർന്ന് അവർ ബി.ജെ.പിയിൽനിന്ന് രാജിവച്ചിരുന്നു. നരേന്ദ്രമോദിയുടെ വരവോടെ ബി.ജെ.പിയിൽ അപ്രസക്തരായ അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രീയ ജീവിതത്തിൽ സുപ്രീം കോടതി വിധി കരിനിഴൽ വീഴ്ത്തും. രാഷ്ട്രപതി പ്രണബ് മുഖർജിക്കുശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് ഇരുവരും പ്രതീക്ഷ വച്ചുപുലർത്തിയിരുന്നു. വരുന്ന ജൂലായിൽ പ്രണബ് മുഖർജി രാഷ്ട്രപതിസ്ഥാനം ഒഴിയും. എന്നാൽ രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കിയ കേസിൽ വിചാരണ നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ ഇരുവരെയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ല. വിവാദങ്ങൾ ഒഴിവാക്കാനാവും പ്രധാനമന്ത്രിനരേന്ദ്രമോദി ശ്രമിക്കുക. അയോധ്യ കേസിൽ മുതിർന്ന ബി.ജെ.പി നേതാക്കൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതിവിധി കോൺഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ വിധി നേരത്തെതന്നെ വരേണ്ടിയിരുന്നുവെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. വിധി വൈകിയെങ്കിലും നിയമനടപടികൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നത് അംഗീകരിക്കുന്നതിനാൽ വിധിയിൽ സംതൃപ്തിയുണ്ടെന്നാണ് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നേതാക്കൾക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീം കോടതി പുന:സ്ഥാപിച്ചു. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ അലഹഹാദ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. മസ്ജിദ് തകർക്കപ്പെട്ട സമയത്ത് യു.പി മുഖ്യമന്ത്രി ആയിരുന്ന കല്യാൺ സിങ് നിലവിൽ രാജസ്ഥാൻ ഗവർണറായതിനാൽ വിചാരണ നേരിടേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് തകർക്കാൻ അദ്വാനി അടക്കമുള്ളവർ ചേർന്ന ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. മുതിർന്ന ബി.ജെ.പി നേതാക്കൾ മസ്ജിദ് തകർക്കപ്പെട്ടതിന്റെ തലേദിവസം വിനയ് കട്യാറിന്റെ വീട്ടിൽ യോഗം ചേർന്നുവെന്നും ആ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായതെന്നും സി.ബി.ഐ ആരോപിക്കുന്നു.
ന്യൂഡൽഹി: വോട്ട് ചെയ്യുന്നത് ആർക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് നൽകുന്ന വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. വോട്ടർ വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വി.വി. പാറ്റ്) മെഷിൻ ഉപയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. ഇത്തരം യന്ത്രങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷൻ പണം അനുവദിക്കും. യന്ത്രങ്ങൾ വാങ്ങാൻ 3100 കോടി വേണമെന്നാണ് കമ്മീഷൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. വോട്ടിങ് യന്ത്രത്തിനൊപ്പം സ്ഥാപിക്കുന്ന ഈ യന്ത്രത്തിൽ ആർക്കാണ് വോട്ട് ചെയ്തത് എന്ന് പേപ്പറിൽ പ്രിന്റ് ചെയ്ത് വരും. ഇത് വോട്ടർ കണ്ട് ഉറപ്പു വരുത്തിയശേഷം പേപ്പർ മറ്റൊരു പെട്ടിയിലേക്ക് മാറ്റപ്പെടും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ചില പോളീങ് ബൂത്തുകളിൽ ഇത് പരീക്ഷിച്ചിരുന്നു. വോട്ടിങ് മെഷിന്റെ വിശ്വാസ്യതയിൽ സംശയം ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. നേതാക്കൾക്ക് എതിരായ ഗൂഢാലോചനക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ചു. അദ്വാനിക്ക് പുറമെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ അടക്കമുള്ള 13 പേർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി. എന്നാൽ, നിലവിൽ രാജസ്ഥാൻ ഗവർണറായതിനാൽ മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് വിചാരണ നേരിടേണ്ടതില്ല. കേസിൽ അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീലിലാണ് സുപ്രധാന ഉത്തരവ്. അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവരുൾപ്പെടെ 13 പേരുടെ ഗൂഢാലോചനക്കുറ്റം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി മാർച്ച് ആറിന് വ്യക്തമാക്കിയിരുന്നു. 1992 ലാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ വിചാരണ നടക്കുന്നുണ്ട്. ഗൂഢാലോചന കേസിന് പുറമെ മസ്ജിദ് തകർത്ത സംഭവത്തിലാണ് രണ്ടാമത്തെ കേസ്. ഈ രണ്ട് കേസുകളിലും ഒരുമിച്ച് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അദ്വാനി ഉൾപ്പെടെ 20 പേർക്കെതിരെയാണ് സി.ബി.ഐ. കുറ്റപത്രം നൽകിയിരുന്നത്. രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കൽ, തെറ്റായ പ്രസ്താവനകൾ, ക്രമസമാധാനത്തകർച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പിന്നീട് ഗൂഢാലോചനക്കുറ്റവും ചുമത്തിയെങ്കിലും ഇത് വിചാരണക്കോടതി റദ്ദാക്കുകയും ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു. മുതിർന്ന മൂന്ന് ബി.ജെ.പി നേതാക്കൾക്ക് പുറമെ മുൻ യു.പി മുഖ്യമന്ത്രിയും നിലവിൽ രാജസ്ഥാൻ ഗവർണറുമായ കല്യാൺ സിങ്, ശിവസേനാ നേതാവായിരുന്ന ബാൽ താക്കറെ, വി.എച്ച്.പി നേതാവായിരുന്ന ആചാര്യ ഗിരിഗാജ് കിഷോർ എന്നിവർക്കെതിരായ ഗൂഢാലോചനക്കുറ്റവും അലഹബാദ് ബൈക്കോടതി റദ്ദാക്കിയിരുന്നു. ബാൽ താക്കറെയും ആചാര്യ ഗിരിരാജ് കിഷോറും പിന്നീട് അന്തരിച്ചു. വിനയ് കത്യാർ, വിഷ്ണു ഹരി ഡാൽമിയ, സതീഷ് പ്രധാൻ, സി.ആർ ബൻസൽ, അന്തരിച്ച അശോക് സിൻഗാൾ, സാധ്വി റിതംബര, അന്തരിച്ച മഹന്ത് അവൈധ്യനാഥ്, ആർ വി വേദാന്തി, അന്തരിച്ച പരമഹംസ് രാം ചന്ദ്രദാസ്, ജഗ്ദീഷ് മുനി മഹാരാജ്, ബി എൽ ശർമ, നൃത്യ ഗോപാൽ ദാസ്, ധരംദാസ്, സതീഷ് നാഗർ, അന്തരിച്ച മൊറേശ്വർ സാവെ എന്നിവർക്കെതിരായ ഗൂഢാലോചനക്കുറ്റമാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്. വിചാരണ രണ്ട് വർഷത്തിനകം പൂർത്തിയാക്കണം ന്യൂഡൽഹി: എൽ.കെ അദ്വാനി അടക്കമുള്ളവർക്കെതിരായ കേസിന്റെ വിചാരണ രണ്ട് വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മതിയായ കാരണം കൂടാതെ കേസ് മാറ്റിവെക്കാൻ പാടില്ലെന്നും കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ സ്ഥലംമാറ്റാൻ പാടില്ലെന്നും ഇടവേളകളില്ലാതെ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശമുണ്ട്. നാലാഴ്ചയ്ക്കകം കേസ് റായ്ബറേലി കോടതിയിൽനിന്ന് ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റണം.
ഷിംല: ഹിമാചൽപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 44 പേർ മരിച്ചു. ഷിംലയിലെ നെർവയിലാണ് സംഭവം. ടോൺസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബസിൽ ഏകദേശം 56 പേരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ കൂടുതൽ ആളുകൾ മരിച്ചതായി സംശയിക്കുന്നു. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയാണ് ബസ് അപകടത്തിൽ പെട്ടത്.
ന്യൂഡൽഹി: വി.ഐ.പികളുടെ വാഹനങ്ങളിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചു. മെയ് ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. രാഷ് ട്രപതി, ഉപരാഷ് ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്സഭാ സ്പീക്കർ എന്നിങ്ങനെ എല്ലാ വിഐപികൾക്കും നിരോധനം ബാധകമായിരിക്കും. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കാമെന്ന് തീരുമാനം പ്രഖ്യാപിച്ച കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ചരിത്രപരമായ തീരുമാനമെന്ന് വിശേഷിപ്പിച്ച ഗഡ്കരി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ വാഹനത്തിൽ നിന്നും ചുവന്ന ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റി. അഗ്നിശമന വാഹനങ്ങൾ, പോലീസ്, കരസേന വാഹനങ്ങൾ, ആംബുലൻസ് എന്നിവയിൽ നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കാം. മെയ് ഒന്ന് മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ വാഹനങ്ങളിൽ ഒന്നും ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ പാടില്ല.
മലപ്പുറം വർഗീയ മേഖലയാണെന്ന് താൻ പറഞ്ഞതായി തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. മലപ്പുറം തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പല കാരണങ്ങൾ പറഞ്ഞ കൂട്ടത്തിൽ മലപ്പുറം മണ്ഡലം ന്യൂനപക്ഷ വർഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്നാണ് പറഞ്ഞത്. മുസ് ലിം ലീഗ് അവിടെ ന്യൂനപക്ഷ വർഗീയ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടത്തിയത്. ലീഗിന്റെ തട്ടകം കൂടിയാണത്. ആ അർത്ഥത്തിൽ താൻ പറഞ്ഞത് അടർത്തിയെടുത്ത് കുപ്രചരണം നടത്തുകയാണ് ചില മാധ്യമങ്ങൾ. ന്യൂനപക്ഷ വിഭാഗം ഒന്നടങ്കമോ , മലപ്പുറത്തെ മുഴുവൻ വോട്ടർമാരോ മുസ് ലിം ലീഗിന് വോട്ട് ചെയ്തിട്ടില്ലല്ലോയെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷ എംഎൽഎമാർ നിരവധിയുള്ള ജില്ലയാണ് മലപ്പുറം. ഇക്കഴിഞ്ഞ മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വർധനവ് നേടിയത് സഹിക്കാനാവാത്ത ചിലരാണ് വാർത്തകൾ വളച്ചൊടിക്കുന്നത്. അന്തരിച്ച ശ്രീ.ഇ. അഹമ്മദിനെ അപമാനിച്ചെന്നാണ് മറ്റൊരു പ്രചാരണം. ശാരീരിക അവശതകൾ ഉണ്ടായിരുന്ന ഇ. അഹമ്മദിനെ മത്സരിപ്പിക്കുന്നതിനെതിരെ പൊതുതിരഞ്ഞെടുപ്പ് വേളയിൽ ലീഗിൽ നിന്നു തന്നെ എതിർപ്പുയർന്നിരുന്നു. ശാരീരിക അവശതകളുണ്ടായിട്ടും, ലീഗിൽ നിന്നു തന്നെ എതിർപ്പുണ്ടായിട്ടും ഇ അഹമ്മദ് നേടിയ ഭൂരിപക്ഷം ഇത്തവണ കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയില്ല എന്ന് പറഞ്ഞതിൽ നിന്ന് ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയാണ് ഉണ്ടായതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. വിവാദമായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസംഗം
ലഖ്നൗ: ബാബ്റി മസ്ജിദ് കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പേരിൽ രാജിവെക്കില്ലെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി. ശ്രീരാമനിലുള്ള അഭിമാനവും സംതൃപ്തിയും പ്രകടിപ്പിക്കാൻ ഇന്ന് വൈകിട്ട് തന്നെ അയോധ്യ സന്ദർശിക്കുമെന്നും അവർ പറഞ്ഞു. ഇതിനിടയിൽ ഉമാഭാരതി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ഗവർണർ സ്ഥാനത്ത് നിന്ന് കല്യാൺ സിങ്ങിനെ പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും 1984ലെ കലാപത്തിന് കാരണക്കാരാകുകയും ചെയ്ത കോൺഗ്രസിന് തങ്ങളോട് രാജി ആവശ്യപ്പെടാൻ അവകാശമില്ലെന്ന് ഉമാഭാരതി പ്രതികരിച്ചു. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലായിരുന്നുവെന്നും അവർ പറഞ്ഞു. ഗംഗയുടെയും അയോധ്യയുടെയും ത്രിവർണ പതാകയുടെയും പേരിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും അവർ പറഞ്ഞു. രാമക്ഷേത്രത്തിന്റെ പേരിൽ ജയിലിൽ പോകാനും തയാറാണ്. കേസിൽ അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിക്കൊണ്ടാണ് ഇവർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീലിലാണ് സുപ്രധാന ഉത്തരവ്. നേതാക്കൾക്ക് എതിരായ ഗൂഢാലോചനക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ചു. അദ്വാനിക്ക് പുറമെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ അടക്കമുള്ള 13 പേർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി. എന്നാൽ, നിലവിൽ രാജസ്ഥാൻ ഗവർണറായതിനാൽ മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് വിചാരണ നേരിടേണ്ടതില്ല.
ന്യൂഡൽഹി: അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നത് എന്ന് വീഡിയോയിലൂടെ ലോകത്തെ അറിയിച്ച ബി.എസ്.എഫ് ജവാൻ തേജ് ബഹദൂർ യാദവിനെ ബി.എസ്.എഫ് പിരിച്ചുവിട്ടു. അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ മൂന്ന് മാസത്തോളമായി സൈനിക വിചാരണയിലായിരുന്നു. തേജ് ബഹദൂറിന്റെ പ്രവർത്തനം സൈന്യത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കിയെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിചാരണയ്ക്കിടെ സ്വയം വിരമിക്കലിനുള്ള അപേക്ഷ ഇയാൾ സമർപ്പിച്ചുവെങ്കിലും ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ജനുവരി ഒമ്പതിനായിരുന്നു അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് മോശം ഭക്ഷണമാണ് നൽകുന്നത് എന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ തേജ് ബഹദൂർ പുറത്ത് വിട്ടത്. പാട്ടാളക്കാർക്ക് നൽകുന്ന ഭക്ഷണം മുതിർന്ന ഉദ്യോഗസ്ഥർ വകമാറ്റി വിൽപ്പന നടത്തുകയാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെയാണ് തേജ് ബഹദൂറിനെ വിചാരണ ചെയ്യാൻ സൈന്യം തീരുമാനിച്ചത്.
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്നും ഇങ്ങനെ പോയാൽ ശരിയാവില്ലെന്നും ഭരണ പരിഷ്കരണ കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കുറിപ്പിലാണ് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വിഎസ് രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിനെതിരെ തുടർച്ചയായി വിവാദങ്ങൾ ഉണ്ടാവുകയാണ്. അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും പോലീസിനെ നിലയ്ക്ക് നിർത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ആദ്യ ഘട്ടത്തിൽ തന്നെ ജനവികാരം സർക്കാരിന് എതിരായിട്ടുണ്ടെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
തിരുവനന്തപുരം: കേരളാ കോൺഗ്രസിനും കെ.എം മാണിക്കുമെതിരെ കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. കെ.എം മാണി യു.ഡി.എഫിനെ അപമാനിച്ചതായും അദ്ദേഹത്തെ യു.ഡി.എഫിൽ തിരിച്ചെടുക്കണോ എന്ന് നേതൃത്വം ആലോചിക്കണം എന്നുമായിരുന്നു കെ.പി.സി.സി യോഗത്തിൽ പി.ടി. തോമസ് പറഞ്ഞത്. പി.ടിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസ് വക്താവ് കൂടിയായ ജോസഫ് വാഴക്കനും രംഗത്തെത്തി. മാണിക്കും കേരളാ കോൺഗ്രസിനും പഴയ ശക്തിയൊന്നുമില്ലെന്നാണ് വാഴക്കൻ യോഗത്തിൽ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വോട്ടു വാങ്ങിയാണ് കേരള കോൺഗ്രസ് വിജയിച്ചത്. ഇല്ലാത്ത ശക്തി കേരളാ കോൺഗ്രസ്പെരുപ്പിച്ച് കാണിക്കുകയാണെന്നും വാഴക്കൻ പറഞ്ഞു. കെ.എം മാണി യു.ഡി.എഫിലേക്ക്തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.സി.സി താൽക്കാലിക അധ്യക്ഷനായ എം.എം ഹസൻ മലപ്പുറം ഉപതിരഞ്ഞെടുപ്പിനു മുമ്പ് പ്രതികരിച്ചിരുന്നു. തുടർന്ന് മാണിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തുകയായിരുന്നു. അതേസമയം മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് യു.ഡി.എഫിൽ ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടില്ലെന്നും ഹസൻ ഇന്ന് പ്രതികരിച്ചു. മാണി യു.ഡി.എഫിലേക്ക് വരണമെന്നാണ് തന്റെ നിലപാട്. എന്നാൽ അദ്ദേത്തെ താൻ ക്ഷണിച്ചിട്ടില്ല. മലപ്പുറത്ത് കേരളാ കോൺഗ്രസ് പിന്തുണയുണ്ടെന്നത് അവരുടെ വാദമാണ്. ജനങ്ങൾ വോട്ടു ചെയ്തത് യു.ഡി.എഫിനാണെന്നും ഹസൻ വ്യക്തമാക്കി.
മേട്ടുപ്പാളയം: വെള്ളവും ഭക്ഷണവുംകിട്ടാതെ പിടിയാന ചരിഞ്ഞു. കോയമ്പത്തൂർ ജില്ല, ശിരുമുഖൈ ഫോറെസ്റ്റ് റേഞ്ചിലാണ് ചൊവ്വാഴ്ച 20 വയസ്സുള്ള ആനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ശിരുമുഖൈയ്ക്കടുത്ത ലിങ്കാപുരം വനാതിർത്തിയോട് ചേർന്ന അകഴിക്ക് തൊട്ടടുത്തായിട്ടാണ് ആന ചരിഞ്ഞത്. ഭക്ഷണവും വെള്ളവും കിട്ടാതെ അലഞ്ഞുനടന്ന ആന അകഴിക്ക് അപ്പുറത്തെ ഗ്രാമത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലാണ് ഇവിടെയെത്തിയതെന്നു കരുതുന്നതായി വനപാലകർ പറഞ്ഞു. സത്യമംഗലം കടുവാ സംരക്ഷണ കേന്ദ്രം മൃഗഡോക്ടർ കെ.അശോകൻ എത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ജെസിബി ഉപയോഗിച്ച് സംഭവസ്ഥലത്ത് തന്നെ ജഡം മറവുചെയ്തു. പോസ്റ്റ്മോർട്ടത്തിൽ ആനയുടെ വയറ്റിൽ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്തിയില്ല. മറ്റ് കാരണങ്ങൾ കണ്ടെത്താനായി ശരീരഭാഗങ്ങൾ ലാബിലേക്ക് അയച്ചു പരിശോധിക്കുമെന്ന് ഡോക്ടർ അറിയിച്ചു.
പാലക്കാട് : മതേതരത്വം അവകാശപ്പെടാൻ സാധിക്കാത്ത വിജയമാണ് മലപ്പുറത്തേതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മുസ്ലീം ലീഗ് കറകളഞ്ഞ വർഗീയ പാർട്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മോദി തരംഗം ആഞ്ഞടിച്ച 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയതിൽ ഒറ്റവോട്ടും മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ കുറഞ്ഞിട്ടില്ല. മാത്രമല്ല 1000 വോട്ടുകൾ വർധിക്കുകയും ചെയ്തു. അതിനാൽ തന്നെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്വാധീനം കുറഞ്ഞ പാർലമെന്റ് മണ്ഡലമാണ് മലപ്പുറം. അവിടെ ബിജെപി നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തൽ നടത്തുന്നത് ശരിയല്ല. എൽഡിഎഫും യുഡിഎഫും ശക്തമായി പ്രവർത്തിച്ച അവിടെ മുൻ സ്ഥിതി നിലനിർത്തുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും ഇപ്പോൾ യുഡിഎഫിൽ ഇല്ലാത്തവരും ഒന്നിച്ചു മത്സരിച്ചു. പിഡിപി, എസ്ഡിപിഐ, വെൽഫയർ പാർട്ടി എന്നിവർ 2014ൽ നേടിയ വോട്ടുകൾ ഇരുമുന്നണികൾക്കും വീതിച്ചു പോകുകമാത്രമാണ് ഉണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു. നേരത്തെ നിശ്ചയിച്ചിട്ടുള്ള തിരുമാനങ്ങളുമായി ബിജെപി മുന്നോട്ടു പോകും. 2019ന് മുമ്പ് മുന്നണി വിപുലീകരണമുണ്ടാകും. ബിഡിജെഎസുമായി യാതൊരുവിധത്തിലുള്ള ഭിന്നതയുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വാഷിങ്ടൺ:ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള പരസ്പര വെല്ലുവിളികളും യുദ്ധാഹാന്വങ്ങളും നടക്കുന്നതിനിടെ അമേരിക്കയിൽ ബോംബിടുന്ന വീഡിയോ ദൃശ്യം ഒരുക്കിയിരിക്കുകയാണ് ഉത്തരകൊറിയ. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇൽ സുങ്ങിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക ആഘോഷത്തിനിടെയാണ് അമേരിക്കയിൽ ബോംബിടുന്നതിന്റെ ദൃശ്യങ്ങൾ വേദിയിൽചടങ്ങിന് മോടി കൂട്ടാൻ ഉപയോഗിച്ചത്. ഇത് കണ്ട് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഉത്തര കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നിനെയും വീഡിയോയിൽ കാണാം. പേര് വ്യക്തമാക്കാത്ത ഒരു അമേരിക്കൻ നഗരത്തിൽ ഉത്തര കൊറിയ തൊടുത്തു വിട്ട ഭൂഖണ്ഡാനന്തര മിസ്സൈൽ പതിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. എരിയുന്ന നഗരത്തിൽ കീറിപ്പറിഞ്ഞ അമേരിക്കൻ പതാകയെയും പ്രതീകാത്മകമായി വീഡിയോയിൽ കാണിച്ചിരിക്കുന്നു. അനേകം പേരെ കുഴിച്ചുമൂടിയ സെമിത്തേരിക്കയ്ക്ക് മുകളിൽ അമേരിക്കൻ പതാകപാറുന്നതും പ്രതീകാത്മകമായി ഉത്തര കൊറിയൻ സൈന്യം ദൃശ്യവത്കരിച്ചിട്ടുണ്ട്. ഉത്തര കൊറിയ സർക്കാർ ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ന്യൂഡൽഹി: ഡൽഹിയിൽ തമിഴ്നാട്ടിലെ കർഷകർ നടത്തുന്ന സമരം വ്യത്യസ്ത മാർഗ്ഗങ്ങൾ സ്വീകരിച്ച് മുന്നേറുകയാണ്. തലയോട്ടികൾ അണിഞ്ഞും എലിയെ ഭക്ഷിച്ചും നഗ്നരായി പ്രതിഷേധിച്ചും അവർ തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ ശ്രദ്ധയിലെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഏറ്റവും ഒടുവിലിതാ തീർത്തും വ്യത്യസ്തമായ ഒരു സമര രീതിയുമായി കർഷകർരംഗത്തെത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ധരിച്ച ഒരാൾ സഹായം അഭ്യർഥിക്കുന്ന കർഷകരെ ചാട്ടവാറുപയോഗിച്ച്തലങ്ങും വിലങ്ങും പ്രഹരിക്കുന്നതാണ് പുതിയ സമരരീതി. തങ്ങളുടെ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് തുറന്നുകാണിക്കാനാണ് ഇങ്ങനെയൊരു സമരം ആവിഷ്കരിച്ചതെന്നാണ് സമരക്കാർ പറയുന്നത്. പ്രകാശ് എന്ന കർഷകനാണ് മോദിയുടെ ചിത്രമുള്ള മുഖംമൂടിയും കുർത്തയും ജാക്കറ്റും ധരിച്ച് കയ്യിൽ ചാട്ടവാറുമായി മർദ്ദകനാവുന്നത്. 25 സമരക്കാരാണ് ചാട്ടവാർ സമരത്തിൽ പങ്കെടുക്കാൻ സ്വമേധയാ മുന്നോട്ടുവന്നത്. ചാട്ടവാറടിയേറ്റ് ഇതിൽ 23 പേരും തളർന്നു. ഒരാൾ വേദനകൊണ്ട് ബോധരഹിതനായതായും റിപ്പോർട്ടുണ്ട്. കർഷക സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന മോദി, തങ്ങളെ ഡൽഹിയിൽനിന്ന് അടിച്ചോടിക്കാനാണ് ശ്രമിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്നതായിരുന്നു ഇതിനേക്കാൾ ഭേദം. ഇപ്പോൾ അനുഭവിക്കുന്നതിനേക്കാൾ മെച്ചം ജയിലിൽ കിടക്കുന്നതാണ്- സമരക്കാരുടെ നേതാക്കളിലൊരാളായ പി. അയ്യാക്കണ്ണ് പറയുന്നു. മോശം കാലാവസ്ഥ മൂലമുണ്ടായവ്യാപക കൃഷിനാശത്തിൽ സർവ്വവും നശിച്ച തമിഴ്നാട്ടിലെ കർഷകർ 37 ദിവസമായി ജന്തർ മന്ദറിൽ സമരം ചെയ്തുവരികയാണ്. ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും കാർഷിക ലോണുകൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് കർഷകരുടെ സമരം. അടുത്തവർഷത്തെ കൃഷിക്കാവശ്യമായ വിത്തുകൾ ലഭ്യമാക്കണമെന്നും നഷ്ടം നികത്തണമെന്ന ആവശ്യവും സമരക്കാർ ഉയർത്തുന്നുണ്ട്. ഡൽഹിയിലെ കനത്ത ചൂടിൽ വല്ലാതെ കഷ്ടപ്പെടുമ്പോഴും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. പ്രധാനമന്ത്രി ശീതീകരിച്ച മുറിയിൽ ഉറങ്ങുമ്പോൾ തങ്ങൾ കനത്ത ചൂടിൽ പൊള്ളിക്കിടക്കുന്ന ടാർ റോഡിലാണ് കിടന്നുറങ്ങുന്നത്. എന്നിട്ടും ഇതുവരെ പ്രധാനമന്ത്രിയെ ഒന്നു കാണാൻ പോലുമുള്ള അവസരം തങ്ങൾക്കു ലഭിച്ചിട്ടില്ല. സർക്കാർ കർഷകരെ കാണുന്നത് അടിമകളെപ്പോലെയാണ്- സമരക്കാരിലൊരാളായ പളനിസാമി പറയുന്നു. പ്രതിഷേധം തുടരുന്ന സമരക്കാരെ കൃഷി മന്ത്രി രാധാ മോഹൻ സിങ്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവരടക്കം പലരാഷ്ട്രീയ നേതാക്കളും സന്ദർശിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിക്കാതെ തങ്ങൾ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അവർ. മുണ്ടുമാത്രം ധരിച്ച് തലയോട്ടികൾ മാലയായി ധരിച്ച് നടത്തിയ സമരം ഏറെ ജനശ്രദ്ധ നേടിയിരുന്നു. കർഷകന്റെ പ്രതീകാത്മക മൃതദേഹവും വഹിച്ചുകൊണ്ടുള്ള സമരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ സമരത്തെ തുടർന്ന് വകുപ്പു മന്ത്രിമാർ കർഷകരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയെ നേരിട്ടു കാണുക എന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്ന് സമരക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ നഗ്നരായി പ്രകടനം നടത്തി. സമരത്തിന്റെ ചില ഘട്ടങ്ങളിൽ തല മുണ്ഡനം ചെയ്തും കഴുത്തിൽ കയർ കുരുക്കിട്ടും റോഡിൽ ചോറു വിളമ്പി കഴിച്ചുമുള്ള സമരമുറകളും ഇവർ സ്വീകരിച്ചു. വ്യത്യസ്തമായ സമരരീതികൾ ആവിഷ്കരിച്ച് തങ്ങളുടെ അവസ്ഥ വ്യക്തമാക്കാനും സർക്കാരിന്റെ കണ്ണുതുറപ്പിക്കാനുമുള്ള കർഷകരുടെ സമരതന്ത്രങ്ങളിൽ ചിലതു മാത്രമാണ് ഇതുവരെ കണ്ടത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഭ്രാന്തരായുള്ള സമരമാണ് അടുത്തതായി ഇവർ ആസൂത്രണം ചെയ്യുന്നത്.തങ്ങളുടെ ഇപ്പോഴത്തെ മാനസികവും ശാരീരികവുമായ അവസ്ഥ വെളിപ്പെടുത്തുന്നതിനാണ് ഇത്തരമൊരു സമരത്തിലേയ്ക്ക് നീങ്ങുന്നതെന്നാണ് കർഷകർ പറയുന്നത്.
ന്യൂഡൽഹി: ബന്ധു നിയമന വിവാദത്തിൽ ഇ.പി.ജയരാജനേയും പി.കെ.ശ്രീമതിയേയും സിപിഎം കേന്ദ്ര കമ്മറ്റി താക്കീത് ചെയ്തു. പാർട്ടി അച്ചടക്ക നടപടിയുടെ ഗണത്തിൽ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്. ബന്ധുനിയമനം വിവാദമായതോടെ ഇ.പി ജയരാജൻ രാജിവെച്ച് ഒഴിഞ്ഞ സാഹചര്യത്തിൽ രണ്ട് പേർക്കുമെതിരെ കൂടുതൽ നടപടി വേണ്ടെന്ന് ചില സംസ്ഥാന നേതാക്കൾ കേന്ദ്രകമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നു. ഗുരുതരമായ തെറ്റ് സംഭവിച്ചതിനാൽ നടപടിയെടുക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ് നടപടി വേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടത്.താക്കീത് ചെയ്ത തീരുമാനത്തിലൂടെ രണ്ട് പേർക്കും ഈ നിയമനത്തിൽ വീഴ്ച സംഭവിച്ചു എന്ന പാർട്ടി തന്നെ തുറന്ന് സമ്മതിക്കുകയാണ്.പിഴവ് പറ്റിയെന്ന് രണ്ട് പേരും കേന്ദ്രകമ്മിറ്റിയിൽ സമ്മതിച്ചു കേന്ദ്രകമ്മിറ്റി അംഗമായിരുന്നിട്ടും ഇ.പി ജയരാജൻ യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു. അനാരോഗ്യമാണ് വിശദീകരണമായി അദ്ദേഹം പാർട്ടിയെ അറിയിച്ചത്.അതേസമയം പി.കെ ശ്രീമതി ഈ തീരുമാനമെടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ സഹോദരന്റെ മരുമകൾ ദീപ്തി നിഷാദ്, ജയരാജന്റെ ഭാര്യാസഹോദരിയും എം.പി.യുമായ പി.കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാർ എന്നിവരുടെ നിയമനമാണ് വിവാദത്തിലായത്. തീരുമാനം വിവാദമായതോടെ കെ.എസ്.ഐ.ഇ.യുടെ എം.ഡിയായി സുധീർ നമ്പ്യാരെ നിയമിച്ച നടപടി റദ്ദാക്കുകയും കേരളാ ക്ലേയ്സ് ആൻഡ് സിറാമിക്സ് ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് ദീപ്തി നിഷാദ് രാജിവെക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഇ.പി.ജയരാജന് മന്ത്രി സ്ഥാനവും രാജിവെക്കേണ്ടി വന്നു.
അമൃത്സർ: പ്രായം വെറും എട്ടു മാസം മാത്രമേ ആയിട്ടുള്ളൂ പക്ഷെ, പത്ത് വയസ്സുകാരിയുടെ ഭക്ഷണക്രമമാണ് അമൃത്സർകാരി ചാഹത് കുമാറിന്റേത്. നാലാം മാസം മുതൽ തുടങ്ങിയതാണ് അനിയന്ത്രിതമായി ഭാരം വർധിക്കുന്ന പ്രവണത. അമിതഭാരം കൊണ്ടുള്ള ശ്വാസതടസ്സം മൂലം ഉറങ്ങാനാവാതെ ഉഴലുന്ന കുഞ്ഞിനെ നോക്കി സങ്കടക്കടലിൽ കഴിയുകയാണ് പഞ്ചാബിലെ ഒരു കുടുംബം. എട്ടു മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ആറു മുതൽ ഒമ്പതു കിലോ വരെയാണ് ഭാരം ഉണ്ടാവാറ്. എന്നാൽ ചാഹത്തിന് അനുവദനീയമായതിലും ഇരട്ടിയിലേറെ ഭാരമുണ്ട്. രോഗകാരണം തിരിച്ചറിയാൻ ഡോക്ടർമാർക്ക് കഴിയാതെ പോകുന്നത് ചികിത്സ വൈകിപ്പിക്കുന്നു. രക്തപരിശോധനയിലൂടെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളിൽ എത്താനാവൂ. എന്നാൽ തൊലിയുടെ കട്ടി വളരെ കൂടുതലായതിനാൽ രക്തത്തിന്റെ സാമ്പിളെടുക്കാൻ കഴിയുന്നില്ല. സാധാരണ കുട്ടികളേക്കാൾ കൂടുതൽ ഭക്ഷണവും പാലും കഴിക്കുന്നതിനാൽ കുഞ്ഞിന്റെ ഭാരം ദിനംപ്രതി കൂടിവരികയാണെന്ന് അച്ഛൻ സൂരജ് കുമാറും അമ്മ രേണുവും പറയുന്നു. ഇത്രയേറെ ഭാരമുള്ള കൊച്ചു കുഞ്ഞിന്റെ കേസ് തന്റെ ഭിഷഗ്വരജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് ഡോ. വാസുദേവ ശർമ്മ ബാർക്രോഫ്റ്റ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം പ്രൊഡ്യൂസറും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജി.ഹിരൺ (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വി.ആർ. ഗോപാപലകൃഷ്ണൻ സംവിധാനം ചെയ്ത കാഴ്ചയ്ക്കപ്പുറം ജഗതി ശ്രീകുമാർ സംവിധാനം ചെയ്ത കല്ല്യാണ ഉണ്ണികൾ എന്നിവയാണ് ഹിരൺ തിരക്കഥയെഴുതിയ ചിത്രങ്ങൾ. വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ ഹിരൺ ആകാശവാണിയുടെ കോഴിക്കോട്, മഞ്ചേരി നിലയങ്ങളിൽ പ്രോഗ്രാം പ്രൊഡ്യൂസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മഞ്ചേരി നിലയത്തിന്റെ അവതരരഗാനം രചിച്ചത് ഹിരണാണ്. കോഴിക്കോട് നിലയത്തിന്റെ ശ്രദ്ധേയമായ പരിപാടിയായ മൊഞ്ചും മൊഴിയുടെ രചനയും സംവിധാനവും ഹിരണായിരുന്നു. ഭാര്യ: ദീപ. ഒരു മകളുണ്ട്.
പട്ന: ബാബറി മസ്ജിദ് കേസിൽ എൽ.കെ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമെന്നസുപ്രീം കോടതിക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗൂഢാലോചനയെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. അദ്വാനിയുടെ രാഷ്ട്രപതി സ്ഥാനാർഥി സാധ്യതകൾ തടയാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ലാലു പ്രസാദ് പറഞ്ഞു. കേസിൽ നേതാക്കൾക്ക് എതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന് നരേന്ദ്ര മോദിയുടെ കൈയിലുള്ള സിബിഐയാണ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിലൂടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ അദ്വാനിയെ കുടുക്കുകയായിരുന്നുവെന്നും ലാലു പ്രസാദ് പറഞ്ഞു. അദ്വാനിയുടെ രാഷ്ട്രപതി സ്ഥാനാർഥിത്വത്തിന് തടയിടാനുള്ള മോദിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ആർക്കും മനസിലാകും. അദ്വാനിയുടെ സാധ്യതകൾക്ക് മോദി തടയിട്ടുവെന്നും പട്നയിൽ ഒരു ചടങ്ങിൽ ലാലു പ്രസാദ് പറഞ്ഞു. ഈ വർഷം ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും സാധ്യത പട്ടികയിൽ മുന്നിലുള്ളവരിലൊരാൾ അദ്വാനിയായിരുന്നു. അദ്വാനിക്ക് പുറമെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ അടക്കമുള്ള 13 പേർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. എന്നാൽ, നിലവിൽ രാജസ്ഥാൻ ഗവർണറായതിനാൽ മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് വിചാരണ നേരിടേണ്ടതില്ലെന്നും കോടതി പറഞ്ഞിരുന്നു. നേതാക്കൾക്ക് എതിരായ ഗൂഢാലോചനക്കുറ്റം സുപ്രീം കോടതി പുനഃസ്ഥാപിച്ചു. കേസിൽ അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി നടപടി. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീലിലാണ് സുപ്രധാന ഉത്തരവ്.
മേട്ടുപ്പാളയം: കാടുകയറാതെ നാട്ടിൽ കറങ്ങിതിരിഞ്ഞ പിടിവാശിക്കാരൻ ജംബുവിനെ നാടുകടത്തിയെങ്കിലും വീണ്ടുമവൻ എത്തി. ഇത്തവണ നാട്ടിലല്ല കാട്ടിലെ തന്നെ താപ്പാനകളുടെ വളർത്തു കേന്ദ്രത്തിൽ എന്നുമാത്രം. ഇക്കഴിഞ്ഞ ഞായറാഴ്ച മേട്ടുപ്പാളയത്തിനു സമീപം കാരമട റേഞ്ചിൽ നിന്ന് പിടികൂടിയ കുട്ടികൊമ്പനാണ് ജംബു. അന്ന് തന്നെ പൊള്ളാച്ചി-വാൾപാറയ്ക്കടുത്ത് ടോപ്പ്സ്ലിപ്പിലെ വരകളിയാറു ഉൾവനത്തിൽ എത്തിച്ചിരുന്നു. മനുഷ്യനോടു ഇണങ്ങിയ ജംബു മറ്റാനകളോട് ഒന്നും കൂട്ടുകുടാതെ മനുഷ്യസാമീപ്യവും സ്നേഹവും പരിചരണവുമുള്ള താപ്പാനകളുടെ കേന്ദ്രത്തിൽ തന്നെയെത്തി. കുട്ടികൊമ്പനെ വരവേറ്റ വനപാലകർ ക്യാമ്പിൽ തന്നെ വളർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് വയസ്സുള്ള ആനകുട്ടനെ എന്ത്ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കോയമ്പത്തൂർ ഡിഎഫ്ഒ എസ്. രാമസുബ്രമണിയൻ അറിയിച്ചു. പ്രായത്തിന് അനുസരിച്ചുള്ള വളർച്ചയുണ്ടെങ്കിൽ, കൃത്യമായ നിരീക്ഷണത്തിന് ശേഷമേ ആനയെ താപ്പാനയാക്കണോ എന്ന് തീരുമാനിക്കുകയുള്ളൂവെന്നാണ് അദ്ദേഹം അറിയിച്ചത്. അതിന് വർഷങ്ങളെടുക്കും. അതുവരെ ജംബു മറ്റുള്ളവരുടെ ഓമനയായി ഇവിടെ കഴിയും. ഇതിനുമുമ്പ് ടോപ്പ്സ്ലിപ്പിൽ തന്നെ ജംബു എന്ന പേരിൽ ആനയുണ്ടായിരുന്നത് വർഷങ്ങൾക്ക് മുമ്പ് ചരിഞ്ഞു. അതുകൊണ്ട് പുതിയ അന്തേവാസിക്ക് ജൂനിയർ ജംബു എന്നാണ് താത്കാലിക വിളിപേര്. വായിൽ മുറിവുമായി മാർച്ച് മാസം കണ്ടെത്തിയ കുട്ടികൊമ്പനെ ചികിത്സയ്ക്കായി മാർച്ച് 14നു കോയമ്പത്തൂർ ചാടിവയലിലുള്ള ക്യാമ്പിൽ എത്തിച്ചിരുന്നു. സുഖപ്പെട്ട കൊമ്പനെ വീണ്ടും കാരമട റേഞ്ചിലെ മാങ്കരയിൽ വിഷുദിനത്തിൽ കാടിനകത്ത് കൊണ്ടാക്കിയെങ്കിലും വീണ്ടും ജനവാസകേന്ദ്രത്തിൽ എത്തുകയായിരുന്നു. കടകളിൽ നിന്നും, വീടുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ അടിച്ചുമാറ്റിയതോടെ പരാതിയെ തുടർന്ന് ടോപ്പ്സ്ലിപ്പിലേക്ക് നാടുകടത്തുകയായിരുന്നു.
മൂന്നാർ: ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ വ്യാജ പട്ടയമാണെന്ന് കണ്ടെത്തി പട്ടയം റദ്ദ് ചെയ്ത പൂപ്പാറയിലെ മൂന്നാർ ഗേറ്റ് ഹോട്ടൽ റിസോർട്ട് ഉടമ സമർപ്പിച്ച റിവിഷൻ ഹർജി കളക്ടർ ജി.ആർ ഗോകുൽതള്ളി. വ്യാജപട്ടയമല്ലെന്നോ കുത്തക ഏല പട്ടയമല്ല എന്നോ തെളിയിക്കാൻ ഉടമയ്ക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിസോർട്ടിന്റെ പട്ടയം റദ്ദ് ചെയ്ത് കളക്ടർ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ പട്ടയം വ്യാജമാണെന്നും അനധികൃതമായാണ് ഇവിടെ നിർമാണം നടക്കുന്നതെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു സബ് കളക്ടർ പട്ടയം റദ്ദാക്കിയത്. തുടർന്ന് ഉടമ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ജില്ലാ കളക്ടർക്ക് റിവിഷൻ ഹർജി നൽകാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇങ്ങനെ നൽകിയ റവിഷൻ ഹർജിയിലാണ് ഇപ്പോൾ കളക്ടർ തീരുമാനം ഉത്തരവ് ഇറക്കിയത്. ഹാജിറ അലിയെന്ന സ്ത്രീയാണ് പട്ടയത്തിന് ഉടമസ്ഥാവകാശം ഉന്നയിച്ചത്. എന്നാൽ ഇവരും ഭർത്താവ് അലിയും കളക്ടർക്കു മുമ്പിൽ അഭിഭാഷകനോടൊപ്പം ഹജരായെങ്കിലും യാതൊരു തെളിവും ഹാജരാക്കാനോ പട്ടയം സംബന്ധിച്ച സബ് കളക്ടറുടെ കണ്ടെത്തലുകൾ തിരുത്താനോ സാധിച്ചില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ന്യൂഡൽഹി: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ നേതാക്കളെ ബിജെപി അധ്യക്ഷൻ അമിത് ഷാ അടിയന്തരമായി വിളിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ അധ്യക്ഷന്മാരായ വി.മുരളീധരൻ, പി.കെ കൃഷ്ണദാസ്, സംഘടനാ ജനറൽ സെക്രട്ടറി എന്നിവരോടാണ് ചർച്ചയ്ക്കായി എത്താൻ നിർദേശമുള്ളത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് അമിത് ഷായുമായി ഈ നേതാക്കൾ കൂടിക്കാഴ്ച നടത്തും. മലപ്പുറം തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ പാർട്ടി നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ ബിജെപിക്ക് മാത്രമാണ് തിരിച്ചടിയുണ്ടായത്. ഫലം വിലയിരുത്താൻ ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ കുമ്മനത്തിനെതിരെ നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രചാരണം ഏകോപിപ്പിക്കുന്നതിലും മികച്ച സ്ഥാനാർഥിയെ അവതരിപ്പിക്കാതിരുന്നതും തിരിച്ചടിയായെന്ന് ചില അംഗങ്ങൾ കോർ കമ്മിറ്റി യോഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റെങ്കിലും നേടുക എന്ന ലക്ഷ്യമിട്ടാണ് അമിത് ഷാ കേരളത്തിലെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച സാഹചര്യത്തിലാണ് അടിയന്തരമായി ചർച്ചയ്ക്ക് വിളിപ്പിച്ചത്
 
 
Indias.com
Advertisement in Kerala.com, Kerala advertisements
Kerala.com
Kerala News, Kerala Tourism, Kerala Realestate, Kerala Matrimonials, Kerala Taxi
KeralaRealEstate.com
Sell / Buy properties, land, buildings, flats, houses, villas,commercial properties in kerala
Keralatravels.com
Kerala Tour Packages, Hotels, Resorts, Houseboats, Ayurveda, Taxi
Keralaevents.com
Event Management Kerala, Kerala Business Events, Kerala Upcoming Events
Keralataxi.com
Kerala Taxi, Kerala Tourism, Kerala Holidays, Tourist Cars, Cabs, Luxury vehicles
www.spoke.com
sales lead generation, US business
 
Hosted and Maintained by www.kerala.com & www.Indias.com www.Avoo.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.com Inc., USA
"Your Home, Your Town, Your World." Mail to:  info@kerala.com